
ഹൃത്വിക് റോഷൻ, ഫർഹാൻ അക്തർ, അഭയ് ഡിയോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോയ അക്തർ സംവിധാനം ചെയ്ത ചിത്രമാണ് 'സിന്ദഗി നാ മിലേഗി ദൊബാര'. ഒരു ഫീൽ ഗുഡ് ട്രാവൽ ഴോണറിൽ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. ബോളിവുഡിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സിനിമയ്ക്ക് നിരവധി ആരാധകരാണുള്ളത്. ചിത്രത്തിലെ തിരക്കഥയ്ക്കും പ്രധാന അഭിനേതാക്കളുടെ പ്രകടനങ്ങൾക്കും മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രത്തിനൊരു രണ്ടാം ഭാഗമുണ്ടാകുന്നു എന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ചുള്ള ഒരു സൂചനയാണ് പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ഹൃത്വിക് റോഷൻ, ഫർഹാൻ അക്തർ, അഭയ് ഡിയോൾ എന്നിവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ആരാധകർക്കിടയിൽ സംശയമുണ്ടാക്കുന്നത്. സിന്ദഗി നാ മിലേഗി ദൊബാരയിൽ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന ഒരു കാറിനോട് സാമ്യമുള്ള വണ്ടിയ്‌ക്കൊപ്പം മൂവരും നിൽക്കുന്ന ഒരു ചിത്രമാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. 'ഇതിന് സമയമെടുത്തു, പക്ഷേ ഞങ്ങൾ ഒടുവിൽ YAS പറഞ്ഞു', എന്ന ക്യാപ്ഷനോടെയാണ് മൂവരും ചിത്രം പങ്കുവെച്ചത്. നിമിഷനേരങ്ങൾക്കുള്ളിലാണ് ഈ ചിത്രം വൈറലായത്. ഇത് സിന്ദഗി നാ മിലേഗിയുടെ രണ്ടാം ഭാഗത്തിന്റെ സൂചനയാണെന്നും ചിത്രം ഉടൻ ഉണ്ടാകും എന്നാണാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. എന്നാൽ ഇത് ഏതോ ബ്രാൻഡിന്റെ പരസ്യത്തിന് വേണ്ടിയാണെന്നും കമന്റുകളുണ്ട്.
കത്രീന കൈഫ്, കൽക്കി കൊച്ച്ലിൻ, നസീറുദ്ദീൻ ഷാ, അരിയാഡ്ന കാബ്രോൾ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിൽ എത്തിയത്. സോയ അക്തർ, റീമാ കാഗ്തി എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്. എക്സൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഫർഹാൻ അക്തർ, റിതേഷ് സിദ്വാനി ചെന്നാണ് ചിത്രം നിർമിച്ചത്. ശങ്കർ എഹ്സാൻ ലോയ് ഈണമിട്ട സിനിമയിലെ ഗാനങ്ങൾ ഇന്നും പ്രേക്ഷക പ്രിയങ്കരമാണ്.
Content Highlights: Hrithik Roshans new post adds speculations about ZNMD part 2