
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഓരോ ദിവസവും ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ കുതിച്ച് ഉയരുകയാണ്. സിനിമ ഇതിനോടകം 41 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. 10 ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ കണക്കിലെടുത്താൽ അടുത്ത ദിവസങ്ങളിൽ തന്നെ സിനിമയുടെ കളക്ഷൻ 50 കോടി എന്ന സംഖ്യ മറികടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. മാത്രമല്ല സിനിമയുടെ കുതിപ്പ് തുടർന്നാൽ അഞ്ചാം പാതിര, ന്നാ താൻ കേസ് കൊട് എന്നീ സിനിമകളെ മറികടന്ന് കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റാകും ഓഫീസർ ഓൺ ഡ്യൂട്ടി എന്നാണ് പ്രതീക്ഷ. മാത്രമല്ല, കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ മാർച്ച് മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തും.
നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡയറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം.
'പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. 'കണ്ണൂർ സ്‌ക്വാഡി'ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Content Highlights: Kunchacko Boban movie Officer on Duty getting huge response