
ഡ്രാഗൺ എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ തമിഴ് നടൻ സിലമ്പരസൻ ടിആർ (എസ്ടിആർ) നായകനാകുന്നു എന്ന വാർത്തകൾ ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. എസ്ടിആര്‍ 51 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം സംബന്ധിച്ച അപ്ഡേറ്റുകളാണ് ഇപ്പോൾ ട്വിറ്റർ ഫോറങ്ങളിൽ ചർച്ചയാകുന്നത്.
സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല അടുത്ത വർഷം ആദ്യം സിനിമ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി എന്നും ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തില്‍ 'ഗോഡ് ഓഫ് ലവ്' എന്ന റോളിലായിരിക്കും എസ്ടിആര്‍ എത്തുക എന്നാണ് വിവരം. എസ്ടിആറിന്റെ 2004-ലെ ഹിറ്റ് ചിത്രമായ 'മൻമഥൻ' എന്ന പേരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ സിനിമ എന്നും സൂചനകളുണ്ട്.
'പാർക്കിംഗ്' എന്ന സിനിമയിലൂടെ പ്രേക്ഷശ്രദ്ധ നേടിയ സംവിധായകൻ രാംകുമാർ ബാലകൃഷ്ണനൊടൊപ്പമാണ് സിലമ്പരശന്റെ അടുത്ത ചിത്രം. 'എസ്ടിആർ 49 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ അന്നൗൺസ്‌മെന്റ് ഈ അടുത്താണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഒരു ബുക്കിനുള്ളിൽ രക്തം പുരണ്ട കത്തിയുമായി പിന്തിരിഞ്ഞു നിൽക്കുന്ന സിമ്പുവിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ചിത്രത്തിൽ ചിലമ്പരശൻ ഒരു വിദ്യാർത്ഥി ആയിട്ടാണ് എത്തുന്നതെന്നാണ് സൂചന. 'ദി മോസ്റ്റ് വാണ്ടഡ് സ്റ്റുഡൻ്റ്' എന്നാണ് സിനിമയുടെ ടാഗ്ലൈൻ. ചിത്രം ഈ വർഷം തിയേറ്ററിലെത്തും.
അതേസമയം, കമൽ ഹാസനെ നായകനാക്കി മണിരത്നം ഒരുക്കുന്ന 'തഗ് ലൈഫ്' ആണ് ഇനി പുറത്തിറങ്ങാനുള്ള സിമ്പു ചിത്രം. വലിയ പ്രതീക്ഷകളുമായി എത്തുന്ന സിനിമ ജൂൺ 5 ന് തിയേറ്ററിലെത്തും.
Content Highlights: Reports that STR 51 to start the shoot on August month