
കങ്കുവയുടെ പരാജയത്തിന് ശേഷം സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 45. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ആർ ജെ ബാലാജി. 'ഷൂട്ട് മോഡ് ഓൺ' എന്ന ക്യാപ്‌ഷനോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയിൽ പുരോഗമിക്കുകയാണ്.
എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂര്യ 45'.ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് സൂര്യ 45ന്റെ നിർമാണം.
മൂക്കുത്തി അമ്മൻ പോലെ ഒരു ഡിവോഷണൽ ഫാന്റസി ചിത്രമാണ് സൂര്യ 45 എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെർസൽ, ജവാൻ, ക്രാക്ക് തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച ജികെ വിഷ്ണുവാണ് സൂര്യ 45 നായി കാമറ ചലിപ്പിക്കുന്നത്. 'സൂര്യ 45'ന്റെ ആദ്യത്തെ ഒരു മണിക്കൂർ നരേഷൻ കേട്ടപ്പോൾ തന്നെ സൂര്യ സിനിമ ചെയ്യാമെന്ന് സമ്മതിച്ചെന്ന് ആർ ജെ ബാലാജി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
എആർ റഹ്മാൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. സൂര്യയ്‌ക്കൊപ്പമുള്ള എ ആർ റഹ്മാന്റെ നാലാം ചിത്രമാണിത്. നേരത്തെ ആയുധ എഴുത്ത്, സില്ലുനു ഒരു കാതൽ, 24 എന്നീ സൂര്യ ചിത്രങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുള്ളത്.
Content Highlights: RJ Balaji share pics from Suriya 45 location