
രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി വംഗ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായിരുന്നു അനിമൽ. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും റെക്കോർഡ് തുകയാണ് വാരികൂട്ടിയത്. ഈ ചിത്രത്തിൽ കബീർ സിംഗ് എന്ന കഥാപാത്രത്തിന്റെ കാമിയോ ആലോചിച്ചിരുന്നു എന്ന് പറയുകയാണ് സന്ദീപ് റെഡ്‌ഡി വംഗ.
ചിത്രത്തിൽ രൺബീർ കപൂറിന്റെ കഥാപാത്രത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന രംഗമുണ്ടായിരുന്നു. ആ രംഗത്തിൽ ഷാഹിദ് കപൂറിന്റെ കബീർ സിംഗിനെ ഒരു ഡോക്ടറായി കൊണ്ടുവരാൻ ആലോചിച്ചിരുന്നു. തന്റെ ക്രൂവിലെ എല്ലാവർക്കും ആ ഐഡിയ ഇഷ്ടപ്പെട്ടു. സിനിമയുടെ കളക്ഷനിലും ഈ രംഗം ഗുണം ചെയ്യുമെന്ന് തോന്നി. പിന്നീട് ആ കാമിയോ ഒട്ടും റിയലിസ്റ്റിക്കായി അനുഭവപ്പെടില്ല എന്ന് തോന്നിയപ്പോൾ ഒഴിവാക്കുകയായിരുന്നു എന്ന് ഗെയിം ചെയ്‌ഞ്ചേഴ്‌സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സന്ദീപ് റെഡ്‌ഡി വംഗ വ്യക്തമാക്കി.
അതേസമയം, രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. നൂറ് കോടി ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ഏകദേശം 915.53 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിൽ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിലെ രൺബീർ കപൂറിന്റെയും ബോബി ഡിയോളിന്റെയും തൃപ്തിയുടെയും ദിമ്രിയുടെയും കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
Content Highlights: Sandeep Reddy Vanga reveals he considered a Kabir Singh cameo in Animal