
അജിത് കുമാർ-ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു. ബില്ല, മങ്കാത്ത വൈബിൽ ഒരു 'അജിത് ആഘോഷം' എന്നാണ് ടീസറിനെക്കുറിച്ച് പല ആരാധകരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. ഇപ്പോഴിതാ ടീസര്‍ പുറത്തിറങ്ങി 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് തമിഴിലെ സകല ടീസര്‍ റെക്കോഡും ഗുഡ് ബാഡ് അഗ്ലി തകര്‍ത്തെറിഞ്ഞിരിക്കുകയാണ്.
30 മില്യണിൽ കൂടുതൽ ആളുകളാണ് ഇതിനോടകം ടീസര്‍ കണ്ടത്. ചുരുങ്ങിയ സമയം കൊണ്ട് തമിഴിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയുടെ ടീസർ ആയി മാറിയിരിക്കുകയാണ് ഗുഡ് ബാഡ് അഗ്ലിയുടേത്. സമീപ കാലത്തൊന്നും മറ്റൊരു ചിത്രവും ഈ റെക്കോർഡ് തകര്‍ക്കാന്‍ സാധ്യതയില്ലെന്ന് ഏറെക്കുറേ ഉറപ്പാണ്. ചിത്രത്തിന്റെ മേലെയുള്ള പ്രതീക്ഷ ടീസര്‍ റിലീസിന് പിന്നാലെ ഇരട്ടിയായി മാറിയിരിക്കുകയാണ്.
ഗംഭീര റെസ്പോൺസ് ആണ് ടീസറിന് ലഭിക്കുന്നത്. മാത്രമല്ല ചിത്രത്തിൽ സംവിധായകൻ ആദിക് രവിചന്ദ്രൻ ഒരുക്കിവെച്ച അജിത് റെഫെറൻസുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ടീസറിൽ ഉടനീളം പല ഗെറ്റപ്പുകളിലാണ് അജിത് പ്രത്യക്ഷപ്പെടുന്നത്. സോൾട്ട് ആൻഡ് പേപ്പർ ലുക്ക് മുതൽ മെലിഞ്ഞ സ്റ്റൈലിഷ് ലുക്കിൽ അടക്കം അജിത് വരുന്നുണ്ട്. വേതാളം, ദീന, വാലി, ബില്ല, റെഡ് തുടങ്ങിയ സിനിമകളുടെ റഫറൻസ് ആണ് സിനിമയിലുള്ളത്. കറുത്ത കോട്ടിട്ട് അജിത് നടന്ന വരുന്ന ഒരു രംഗം ടീസറിൽ ഉണ്ട്. ബില്ലയിലെ ഡേവിഡ് ബില്ല എന്ന കഥാപാത്രത്തെ ഓർമിപ്പിക്കും വിധമാണ് അജിത്തിന്റെ ലുക്ക് എന്നാണ് കമന്റുകൾ. ഒപ്പം അജിത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ വാലിയിലെ ഒരു സീനും ആദിക് റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഒരു പക്കാ ഫാൻ ബോയ് പടമാണ് ഗുഡ് ബാഡ് അഗ്ലി എന്നാണ് ടീസർ കണ്ടതിന് ശേഷം വരുന്ന പ്രതികരണങ്ങൾ.
ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Teaser of Good Bad Ugly movie gets 32 million viewers