
അടുത്ത എസ് എസ് രാജമൗലി ചിത്രത്തിനായി ലോക സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. മഹേഷ് ബാബു നായകനായി എത്തുന്ന സിനിമയിൽ വില്ലനായി പൃഥ്വിരാജ് എത്തുമെന്ന വാർത്തകൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും അതിനെക്കുറിച്ച് അപ്ഡേറ്റ് ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ നടൻ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്.
'സംവിധാനം ചെയ്യുന്ന പടം പൂര്‍ത്തിയാക്കി. ചിത്രത്തിന്റെ മാർക്കറ്റിങ്ങിനായുള്ള കാര്യങ്ങളും ഏൽപ്പിച്ചു. അഭിനയിക്കാൻ പോകുന്ന അടുത്ത ചിത്രത്തിനായുള്ള ലുക്കിലേക്ക് മാറി. ഇതെല്ലാം കഴിഞ്ഞപ്പോഴാണ് ഈ കഥാപാത്രത്തിന് നെടുനീളന്‍ മോണോലോഗ് പറയാനുണ്ടെന്ന് അറിയുന്നത്. അതും എനിക്ക് അറിയാത്ത ഭാഷയില്‍. ഇപ്പോള്‍ അതാലോചിച്ച് പരിഭ്രമിച്ചിരിക്കുന്നു,' എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് ഷേവ് ചെയ്‌ത ലുക്കിലുള്ള ചിത്രം പങ്കുവെച്ചത്. നിമിഷനേരങ്ങൾക്കുള്ളിൽ ചിത്രം വൈറലായി. രാജമൗലി ചിത്രത്തിന് വേണ്ടിയുള്ള ലുക്ക് ആണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം. പൃഥ്വിയുടെ പോസ്റ്റിന് രസികന്‍ കമന്റുമായി ഭാര്യ സുപ്രിയ മേനോനും എത്തിയിട്ടുണ്ട്. 'താങ്കൾക്കൊരു ഭാര്യയും മകളും ഉണ്ടെന്ന കാര്യം മറക്കരുത്', എന്നാണ് സുപ്രിയയുടെ കമന്റ്.
അതേസമയം പൃഥ്വിരാജ് നായകനായി എത്തുന്ന വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗ് ഇന്നലെ അവസാനിച്ചു. പൃഥ്വി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'രണ്ടുവർഷം, ഏറെ പരിക്കുകൾ. ഒടുവിൽ ഡബിൾ മോഹനന് ഫൈനൽ റാപ്പായിരിക്കുന്നു' എന്ന് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ പൃഥ്വിരാജിന്റെ കാലിനു പരുക്കു പറ്റുകയും തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തുവെക്കുകയും ചെയ്തിരുന്നു. ജി ആർ ഇന്ദുഗോപന്റെ നോവലാണ് സിനിമയാകുന്നത്. ഡബിൾ മോഹനൻ ആയിട്ടാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. സൗദി വെള്ളക്കയ്ക്ക് ശേഷം സന്ദീപ് സേനനാണ് നിർമ്മാണം.
പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ചിത്രമായ എമ്പുരാൻ മാർച്ച് 27 ന് തിയേറ്ററിലെത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, അഭിമന്യു സിംഗ്, ജെറോം ഫ്ലിൻ എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Prithviraj's new post sparks speculation among fans