
സിനിമകളിലെ വയലൻസ് പ്രേക്ഷകരെ സ്വാധീനിക്കുമോ എന്ന വിഷയത്തിൽ പ്രതികരണവുമായി ഫെഫ്ക. സമീപ കാലത്ത് നടന്ന പല കൊലപാതകങ്ങൾക്കും സിനിമകൾ പ്രേരണയായി എന്ന അഭിപ്രായങ്ങൾ ഭരണകർത്താക്കളിൽ നിന്നും രാഷ്ട്രീയ യുവജന-വിദ്യാർത്ഥി പ്രസ്ഥാന നേതൃത്വങ്ങളിൽ നിന്നും പൊലീസധികാരികളിൽ നിന്നും ഉയർന്നിട്ടുണ്ട്. ലോകത്ത് ഉത്പാദിക്കപ്പെട്ട ഏത് ഡേറ്റയും വിരലിൻ്റെ തുമ്പത്ത് ലഭ്യമാകുന്ന ഒരു സാമൂഹ്യ- പരിതസ്ഥിതിയിൽ സിനിമകളാണ് വയലൻസ് ഉത്പാദിപ്പിക്കുന്നത് എന്ന് പറയുന്നതിൽ എന്ത് അടിസ്ഥാനമാണുള്ളത് എന്ന് ഫെഫ്ക ചോദിച്ചു. സിനിമയെ അക്രമത്തിന്റെ കാരണമായി ചിത്രീകരിക്കുന്നത് അസംബന്ധവും അബദ്ധജടിലവുമാണെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വയലൻസ് അധിഷ്ഠിതമായുള്ള വെബ് സീരിസുകളും ഗെയിമുകളും സിനിമകളും മറ്റുരാജ്യങ്ങളിൽ നിന്നും ലഭ്യമാണ്. 10 പേരെ വെടിവെച്ച് കഴിഞ്ഞാൽ ഒരു തോക്ക് ഫ്രീ കിട്ടുന്നത് പോലുള്ള ഗെയിമുകൾ ഇന്ന് കുട്ടികൾക്കിടയിൽ എത്രയോ സുപരിചിതമാണ്. ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നും വരുന്ന ഗെയിമുകളും സീരിസുകളും എത്രയോ നാളുകളായി നമ്മുടെ കുട്ടികളും മുതിർന്നവരും കണ്ടു കൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതൽ വയലൻസുള്ളത് ഇവിടെ നിന്നും എത്തുന്ന സിനിമകളിലും സീരീസിലുമാണെന്നത് രഹസ്യമായ വിവരമല്ല. പക്ഷേ ക്രൈം റേറ്റ് ഏറ്റവും കുറവുള്ള രാജ്യം ജപ്പാൻ ആണെന്നതും ശ്രദ്ധേയമാണ്. അവരുടെ നിയമവ്യവസ്ഥയും, സാമൂഹ്യസുരക്ഷാ മാനദണ്ഡങ്ങളും, സോഷ്യൽ ഓഡിറ്റിങ്ങും അത്രമേൽ ഫലപ്രദമായാണ് പ്രവർത്തിക്കുന്നത്.
വിഷ്‌ണുപ്രിയ കൊലപാതകത്തിന് കാരണമായത് അഞ്ചാം പാതിര എന്ന സിനിമയാണെന്നും ദൃശ്യം 2 പോലുള്ള സിനിമകൾ വേറെയും ചില കൊലപാതകങ്ങൾക്ക് പ്രേരണയായണെന്നും ആരോപണങ്ങളുണ്ട്. ഇപ്പോൾ മാർക്കോയ്ക്ക് എതിരെയും ഉയരുന്നു ഇത്തരം ആക്ഷേപങ്ങൾ. ഇത്തരം സിനിമകൾ അവയ്ക്ക് ആധാരമായ വസ്‌തുതകളും ആശയങ്ങളും കണ്ടെത്തുന്നത് സാമൂഹത്തിൽ നിന്നാണ് എന്ന യാഥാർഥ്യം മറക്കരുത്. ഇത്തരം സിനിമകൾ ഇഷ്ടപ്പെടാനും ആസ്വദിക്കാനും പറ്റുന്ന സാമൂഹ്യ അന്തരീക്ഷം ഇവിടെ നിലനിൽക്കുന്നുണ്ട് എന്നും മറക്കരുത് എന്നും ഫെഫ്ക അഭിപ്രായപ്പെട്ടു. എന്നാൽ വയലൻസിനെ അമിതമായി മാർക്കറ്റ് ചെയ്യുന്നതും ഗ്ലോറിഫൈ ചെയ്യുന്നതുമായ ആവിഷ്കാരങ്ങൾ വിമര്ശിക്കപ്പെടേണ്ടതാണെന്നും ഫെഫ്ക വ്യക്തമാക്കി.
Content Highlights: FEFKA comments about the influence of violence in movie on the society