
സിനിമകളിലെ വയലൻസ് പ്രേക്ഷകരെ സ്വാധീനിക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമാണ്. വിഷയത്തിൽ നടൻ ജഗദീഷ് നടത്തിയ പ്രതികരണം ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമകളിലെ തിന്മ കണ്ട് സ്വാധീനിക്കപ്പെടുന്നുണ്ടെങ്കിൽ സിനിമകളിലെ നന്മയും സ്വാധീനിക്കുകയില്ലേ? സഞ്ജയ് ദത്ത് നായകനായ ലഗേ രഹോ മുന്ന ഭായ് എന്ന സിനിമ ഗാന്ധിയിസം സ്വീകരിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ അത് എത്രപേർ സ്വീകരിച്ചു എന്ന് ജഗദീഷ് ചോദിച്ചു.
മാർക്കോ എന്ന സിനിമയിൽ താൻ അവതരിപ്പിച്ച ടോണി ഐസക്ക് അക്രമത്തിന് കൂട്ടുനിൽക്കുന്ന വ്യക്തിയാണ്. എന്നാൽ ജഗദീഷ് എന്ന വ്യക്തി ഒരിക്കലും അക്രമത്തിനൊപ്പം നിൽക്കുന്നയാളല്ല. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെ ആണോ അതോ ജഗദീഷിനെയാണോ എന്നും നടൻ ചോദിച്ചു. പുതിയ ചിത്രമായ പരിവാറിന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു നടൻ.
‘സിനിമയില്‍ നല്ല കാര്യങ്ങള്‍ എന്തെല്ലാം വരുന്നു. ലഗേ രഹോ മുന്ന ഭായ് എന്ന സിനിമ ഗാന്ധിയിസം സ്വീകരിക്കാനാണ് ആവശ്യപ്പെട്ടത്. അതില്‍ എത്രപേര്‍ സ്വീകരിക്കുന്നു? അപ്പോള്‍ തിന്മ കണ്ടാല്‍ മാത്രം ഇൻഫ്ലുവൻസ്ഡ് ആകും, നന്മ കണ്ടാല്‍ ഇൻഫ്ലുവൻസ്ഡ് ആകില്ല എന്ന് പറയാന്‍ കഴിയുമോ? പിന്നെ നടന്റെ കാര്യം, ഞാന്‍ അല്ല എന്റെ കഥാപാത്രമാണ് വയലന്‍സിന് കൂട്ട് നില്‍ക്കുന്നത്. ടോണി ഐസക് ആക്രമണത്തിന് കൂട്ട് നില്‍ക്കുന്നു. അപ്പോള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെ ആണോ അതോ ജഗദീഷിനെയാണോ?'
'ജഗദീഷിനെയാണ് ഇഷ്ടപെടുന്നതെങ്കില്‍ ജഗദീഷ് ഇതുവരെ വയലന്‍സിന് വേണ്ടി സംസാരിച്ചിട്ടില്ല. ഒരു സ്‌കൂളില്‍ പോയാലോ കോളേജില്‍ പോയാലോ സ്‌നേഹത്തിന്റെ സന്ദേശമാണ് ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ ജഗദീഷ് കൊടുക്കുന്ന സന്ദേശം തിരസ്‌കരിച്ചിട്ട് ടോണി ഐസക് കൊടുക്കുന്ന സന്ദേശം സ്വീകരിക്കുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും ഒരു തര്‍ക്ക വിഷയം തന്നെയാണ്,’ എന്ന് ജഗദീഷ് പറഞ്ഞു.
Content Highlights: Jagadish comments about the influence of violence in movie on the society