
മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് ഇര്‍ഷാദ് അലി. 'പാഠം ഒന്ന്: ഒരു വിലാപം' എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകനോട് പിണങ്ങിയതിനെ കുറിച്ച് പറയുകയാണ് ഇര്‍ഷാദ് അലി. തന്റെ കഥാപാത്രത്തിന്റെ ഷൂട്ട് ഒന്നോ രണ്ടോ ടേക്കിൽ എടുത്തിട്ട് അവസാനിപ്പിക്കും. എന്നാൽ മീര ജാസ്മിനെക്കൊണ്ട് ചില സീനുകള്‍ അഞ്ചോ ആറോ തവണയൊക്കെ ചെയ്യിപ്പിക്കും ഇതിൽ സംവിധയാകനോട് നീരസം ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ഇര്‍ഷാദ് അലി. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ഒരു ദിവസം ചന്ദ്രേട്ടന്‍ (ടി.വി ചന്ദ്രന്‍) എന്നെ വിളിച്ചിട്ട് ‘ഒരു പടം ചെയ്യാന്‍ പോകുന്നുണ്ട്. നീയാണ് നായകന്‍’ എന്ന് പറഞ്ഞു. നായിക മീര ജാസ്മിന്‍ ആണെന്നും പറഞ്ഞു. അതുകേട്ടതും ഞാന്‍ ആകെ എക്‌സൈറ്റഡായി. അങ്ങനെയാണ് ഞാന്‍ പാഠം ഒന്ന്: ഒരു വിലാപം എന്ന സിനിമയിലേക്ക് എത്തുന്നത്. ആ സിനിമയുടെ സമയത്ത് ഞാന്‍ അദ്ദേഹത്തോട് ചെറുതായി പിണങ്ങുകയൊക്കെ ചെയ്തിരുന്നു. ഷൂട്ട് നടക്കുമ്പോള്‍ ഒരു തമാശ ഉണ്ടാകുമായിരുന്നു. എന്റെ ടേക്ക് എപ്പോഴും ഒന്നോ രണ്ടോ തവണ മാത്രമാകും. ഒന്നോ രണ്ടോ തവണ എടുത്തിട്ട് അവസാനിപ്പിക്കും. മീര ജാസ്മിനോട് മാത്രം ‘അങ്ങനെയല്ല മോളെ. ഇങ്ങനെ ചെയ്യണം’ എന്നൊക്കെ പറഞ്ഞ് കുറേ ടേക്ക് എടുപ്പിക്കും.
ചില സീനുകള്‍ അഞ്ചോ ആറോ തവണയൊക്കെ ചെയ്യിപ്പിക്കും. ആ സിനിമയില്‍ മീരക്ക് നാഷണല്‍ അവാര്‍ഡ് ഉണ്ടായിരുന്നു. അന്ന് ആ ഷൂട്ടിങ് കാണുമ്പോള്‍ എന്താണ് ഇങ്ങനെയെന്ന് ഞാന്‍ ചിന്തിക്കുമായിരുന്നു. എന്റെ സീന്‍ മാത്രം ഒറ്റ ടേക്കില്‍ അവസാനിപ്പിക്കുന്നു എന്ന ചിന്തയായിരുന്നു എനിക്ക്. ഞാന്‍ ആ കാര്യം പറഞ്ഞപ്പോള്‍ ചന്ദ്രേട്ടന്‍ പറഞ്ഞത് ‘നിന്നില്‍ ആ റസാഖ് എന്ന കഥാപാത്രമുണ്ട്. നീ വെറുതെ ഡയലോഗ് പറഞ്ഞ് പോയാല്‍ മതിയാകും. അല്ലാതെ നീ അഭിനയിക്കാന്‍ നില്‍ക്കണ്ട. അഭിനയിച്ചാല്‍ കുളമാകും. അതുകൊണ്ടാണ് നിന്നെ കൊണ്ട് കൂടുതല്‍ ചെയ്യിക്കാത്തത്’ എന്നായിരുന്നു,’ ഇര്‍ഷാദ് അലി പറഞ്ഞു.
ടി വി ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പാഠം ഒന്ന്: ഒരു വിലാപം. മീര ജാസ്മിന്‍ ആയിരുന്നു ഈ സിനിമയില്‍ നായികയായി എത്തിയത്. ഈ സിനിമയിലെ ഷാഹിന എന്ന കഥാപാത്രത്തിലൂടെ മീര ജാസ്മിന്‍ 2003ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടിയിരുന്നു.
Content Highlights: Actor Irshad Ali shares his experience in the film padam onn: oru vilapam