
സിനിമാതാരങ്ങൾ യാത്രകൾ ചെയ്യാനായി എയർപോർട്ടിൽ എത്തുമ്പോൾ കാമറകൾ കൊണ്ട് അവരെ പൊതിയുന്ന പാപ്പരാസികൾ ബോളിവുഡിലെ സ്ഥിരം കാഴ്ചയാണ്. ഇപ്പോഴിതാ മുംബൈ വിമാനത്താവളത്തിൽ നടി രവീണ ടണ്ടൻ്റെ വീഡിയോ എടുത്തുകൊണ്ട് ഒരാൾ പറഞ്ഞ കമന്റും അതിനോട് നടിയുടെ പ്രതികരണവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
മുംബൈ വിമാനത്താവളത്തിന്റെ ചെക്ക്-ഇൻ പോയിന്റിൽ മകൾ റാഷയ്ക്കൊപ്പം എത്തിയതായിരുന്നു രവീണ. ഇതിനിടെ കപിൽ കരാന്ദേ എന്നയാൾ രവീണ ധരിച്ചിരിക്കുന്ന സ്വർണക്കമ്മൽ നന്നായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഉടൻ ഏത് കമ്മൽ എന്ന് താരം തിരിച്ച് ചോദിച്ചു. തുടർന്ന് തന്റെ ഇടതു ചെവിയിലെ സ്വർണക്കമ്മൽ അഴിച്ച് കപിലിന് സമ്മാനമായി നൽകുകയും ചെയ്തു രവീണ. നടിയുടെ ഈ പ്രവർത്തിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
അമ്മയുടെ ഈ പ്രവൃത്തി കണ്ട് അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ട് നിൽക്കുകയായിരുന്നു മകൾ റാഷ. രവീണയ്ക്കും റാഷയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും കപിൽ പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതാദ്യമായല്ല ഇത്തരം പെരുമാറ്റം കൊണ്ട് രവീണ ആരാധകഹൃദയം കവർന്നത്. കഴിഞ്ഞ മാസം ഒരു സമൂഹവിവാഹച്ചടങ്ങിൽ പങ്കെടുക്കവേ ഒരു വധുവിനും വരനും തന്റെ കയ്യിലെ വളകൾ നടി ഊരി നൽകിയിരുന്നു. തന്റെയും ഭർത്താവിന്റെയും പേര് ആലേഖനം ചെയ്ത വളകളായിരുന്നു അത്. വളകൾ സമ്മാനിക്കുന്നതിന് മുൻപ് രവീണ അവയിൽ ചുംബിക്കുകയും വധുവിനെ ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു.
Content highlights: Actor Raveena Tandon gifts her earrings to papparazi