
മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ലാല്‍ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം ലൂസിഫർ എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് പുറത്തിറങ്ങുന്നത്. മോഹൻലാൽ-പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായി തുടരുകയാണ്. ഇപ്പോഴിതാ സിനിമയുടെ സെൻസറിങ് പൂർത്തിയായെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. മൂന്ന് മണിക്കൂർ റൺ ടൈം ഉള്ള സിനിമയ്ക്ക് യു എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡിൽ നിന്നും ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. സെൻസർ വിവരങ്ങൾ ഉൾപ്പെടുത്തിയ സർട്ടിഫിക്കറ്റിലെ ചിത്രത്തിന്റെ പ്ലോട്ട് ആണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.
'ജതിൻ രാംദാസ് മുഖ്യമന്ത്രിയാകുന്നിടത്താണ് ആദ്യ ഭാഗം അവസാനിക്കുന്നത്. രണ്ടാം ഭാഗത്തിൽ ഇലക്ഷൻ അടുക്കാനിരിക്കെ ജതിൻ രാംദാസും സ്റ്റീഫൻ നെടുമ്പള്ളിയും ചേർന്ന് ചില രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാൻ ഒരുങ്ങുന്നു', എന്നാണ് സർട്ടിഫിക്കറ്റിലെ ചിത്രത്തിന്റെ പ്ലോട്ട്. ആദ്യ ഭാഗത്തേത് പോലെ കേരള രാഷ്ട്രീയവും ചർച്ച ചെയ്യുന്നതിനോടൊപ്പം സ്റ്റീഫൻ നെടുമ്പള്ളി എന്ന അബ്‌റാം ഖുറേഷിയുടെ പൂർവ്വകാലവും സിനിമ കാണിച്ചു തരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയിലെ 36 ക്യാരക്ടർ പോസ്റ്ററുകളും അഭിനേതാക്കളുടെ വീഡിയോകളും ടീസറും അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വലിയ സ്വീകാര്യതയാണ് പോസ്റ്ററുകൾക്ക് ലഭിച്ചത്. മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ കണ്ട സിനിമയുടെ കയറക്ടർ പോസ്റ്റർ സുരാജ് വെഞ്ഞാറന്മൂടിന്റേതായിരുന്നു. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവരും ചിത്രത്തിലുണ്ട്.
#Empuraan censored with U/A certification including a runtime Of 2 hr 59 min 52 sec🔥
— AB George (@AbGeorge_) March 6, 2025
The Devil arriving in cinemas worldwide On March 27th❤️🔥#L2E #Mohanlal @Mohanlal pic.twitter.com/ql9vYcYwu7
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content highlights: Empuraan plot from censor certificate out now