
മമ്മൂട്ടിയുടെ സ്റ്റൈലിഷ് റോളുമായെത്തുന്ന ഗെയിം ത്രില്ലർ ചിത്രം 'ബസൂക്ക'യ്ക്ക് വേണ്ടി ആരാധകർ റീ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏപ്രിൽ 10 ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ സംബന്ധിച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
മാർച്ച് 26 ന് സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ദുബായിൽ വെച്ച് നടക്കുമെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല മാർച്ച് 27 ന് റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാനൊപ്പം തിയേറ്ററുകളിൽ ബസൂക്കയുടെ ട്രെയ്‌ലറും പ്രദർശിപ്പിക്കുമെന്നാണ് സൂചന. എമ്പുരാനിൽ മമ്മൂട്ടി ഉണ്ടോ ഇല്ലേ എന്ന ചോദ്യങ്ങൾക്കിടയിൽ സിനിമയ്ക്കൊപ്പം ബിഗ് സ്‌ക്രീനുകളിൽ ബസൂക്ക ട്രെയ്‌ലർ കാണാൻ കഴിയുമെന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.
#Bazooka Trailer launch event on March 26 in Dubai. Will be screened in theatres alongside #Empuraan from March 27 pic.twitter.com/NfJyqCIea6
— Friday Matinee (@VRFridayMatinee) March 6, 2025
മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
Content highlights: Reports that Bazooka trailer will screened with Empuraan movie