
ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോൺ. സിനിമയുടെ മൂന്നാം ഭാഗം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. രൺവീർ സിങ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. കിയാര അദ്വാനിയായിരുന്നു ചിത്രത്തില്‍ നായികവേഷം ചെയ്യാനിരുന്നത്.
ഇപ്പോഴിതാ ചിത്രത്തിൽ നിന്ന് കിയാര പിന്മാറിയിരിക്കുകയാണ്. ഗർഭിണിയാണെന്ന് കിയാര അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഗര്‍ഭകാലവും കുഞ്ഞിന്‍റെ ജനനവും ആസ്വദിക്കാനാണ് കിയാര സിനിമയിൽ ഇന്ന് പിന്മാറിയതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
'ടോക്സിക്', 'വാർ 2' എന്നീ സിനിമകളുടെ ചിത്രീകരണത്തിലാണ് കിയാര ഇപ്പോൾ. ഈ കമ്മിറ്റ്മെന്റുകൾ തീർത്ത ശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുക്കുമെന്നാണ് വിവരങ്ങള്‍. രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചര്‍ ആയിരുന്നു കിയാര അദ്വാനിയുടെ ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം. കിയാരയുടെ സൗത്ത് ഇന്ത്യന്‍ അരങ്ങേറ്റ ചിത്രം ആയിരുന്നു ഇത്. എന്നാല്‍ വലിയ വിജയം ചിത്രം നേടിയില്ല.
അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ 'ഡോൺ 3' ഷൂട്ടിംഗ് ഈ വർഷം ആരംഭിക്കുമെന്ന് സംവിധായകന്‍ ഫർഹാൻ അക്തർ സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിൽ രൺവീർ സിംഗ് ടൈറ്റിൽ റോളിൽ എത്തുമ്പോൾ വിക്രാന്ത് മാസിയാണ് വില്ലനായി എത്തുന്നത്. ഷാരൂഖ് ഖാന്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് രൺവീർ സിംഗ് ഡോണ്‍ എന്ന ടൈറ്റില്‍ റോളില്‍ എത്തിയത്. ഡോൺ സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളുടെയും തുടർച്ചയല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ പോലെയാണ് മൂന്നാം ഭാഗമൊരുങ്ങുന്നത്.
Content Highlights: Kiara Advani withdraws from Ranveer Singh starrer Don 3