ഇത്തവണ തിയേറ്ററിൽ തീപാറും!, വിഷുവിന് ക്ലാഷിനൊരുങ്ങി മമ്മൂട്ടിയും ബേസിലും; വിജയം ആർക്കൊപ്പം?

ഇരു ചിത്രങ്ങൾക്കും പ്രേക്ഷകർക്കിടയിൽ വലിയ ഹൈപ്പ് ഉള്ളതിനാൽ ഈ ക്ലാഷിനെ വളരെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ നോക്കികാണുന്നത്

dot image

ടൊവിനോ തോമസ് നിർമിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരണമാസ്സ്'. ബേസിൽ ജോസഫ് നായകനായി എത്തുന്ന ചിത്രം ഒരു കോമഡി എന്റർടൈനർ ആയിട്ടാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറക്കിയിരുന്നു. പോസ്റ്ററിലെ ബേസിലിന്റെ ലുക്ക് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രം മമ്മൂട്ടിയുടെ ബസൂക്കയുമായി ക്ലാഷിനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഏപ്രിൽ റിലീസ് ആയി മരണമാസ് നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഏപ്രിൽ 10 ന് പുറത്തിറങ്ങുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കിൽ മമ്മൂട്ടി ചിത്രമായ ബസൂക്കയ്ക്ക് ഒപ്പമാകയും ചിത്രം ഇറങ്ങുക. ഇരു ചിത്രങ്ങൾക്കും പ്രേക്ഷകർക്കിടയിൽ വലിയ ഹൈപ്പ് ഉള്ളതിനാൽ ഈ ക്ലാഷിനെ വളരെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ നോക്കികാണുന്നത്. വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ.

മമ്മൂട്ടി സ്റ്റൈലിഷ് റോളിലെത്തുന്ന ഗെയിം ത്രില്ലർ ചിത്രം ആണ് ബസൂക്ക. ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2025, ഏപ്രിൽ 10 ന് വേൾഡ് വൈൽഡായാണ് സിനിമ റിലീസ് ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

Content Highlights: Bazooka and Maranamass to clash during vishu in cinemas

dot image
To advertise here,contact us
dot image