ഡ്രാഗണിലൂടെ പ്രേക്ഷക മനസിനെ ഇളക്കി മറിച്ച് കയദു ലോഹര്‍; ആദ്യം ട്രെന്‍ഡിങ്ങായത് മലയാള ചിത്രത്തിലൂടെ

അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ നായകനായ ഡ്രാഗണിലെ കഥാപാത്രമാണ് കയദുവിനെ സോഷ്യൽ മീഡിയ സെൻസേഷൻ ആക്കി മാറ്റിയിരിക്കുന്നത്

dot image

ഡ്രാഗൺ എന്ന സിനിമയുടെ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയ ഇളക്കി മറിച്ചിരിക്കുകയാണ്‌ കയദു ലോഹർ എന്ന നായിക. ചിത്രത്തിൽ പല്ലവി എന്ന കഥാപാത്രത്തെയാണ് കയദു അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് നടിയുടെ പ്രകടനത്തിന് ലഭിക്കുന്നത്. ഇന്റെർവെല്ലിനോട് അടുക്കുമ്പോൾ സിനിമയിലെത്തുന്ന നടി തന്റെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്തിരിക്കുകയാണ്.

തമിഴ്, മലയാളം, കന്നഡ, മറാത്തി ഭാഷകളിൽ കയദു ലോഹർ അഭിനയിച്ചിട്ടുണ്ട്. 2021 ൽ കന്നഡ ചിത്രമായ മുഗിൽപേട്ടിലൂടെയാണ് കയദു അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിൽ അപൂർവ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. എന്നാൽ മലയാള സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിലൂടെയാണ് നടിക്ക് വലിയ രീതിയിൽ പ്രേക്ഷശ്രദ്ധ ലഭിക്കുന്നത്. ചിത്രത്തിൽ നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയദു ലോഹർ അവതരിപ്പിച്ചത്.

വിനയൻ സംവിധാനം ചെയ്ത ചിത്രം ഒരു പീരീഡ് ആക്ഷൻ ഡ്രാമയായിട്ടാണ് ഒരുങ്ങിയത്. ചിത്രത്തിലെ കയദു ലോഹറിന്റെ പ്രകടനം നിറയെ കൈയടികൾ നേടിയിരുന്നു. എം മോഹനൻ സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഒരു ജാതി ജാതകം എന്ന സിനിമയിലും കയദു അഭിനയിച്ചിരുന്നു. പായൽ എന്ന കഥാപാത്രത്തെയാണ് നടി സിനിമയിൽ അവതരിപ്പിച്ചത്. ചിത്രം മാർച്ച് 14 ന് മനോരമ മാക്സിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും.

തുടർന്ന് അല്ലൂരി, ഐ പ്രേം യു തുടങ്ങിയ മറാത്തി, തെലുങ്ക് സിനിമകളിൽ കയദു വേഷമിട്ടു. ഇപ്പോഴിതാ അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ നായകനായ ഡ്രാഗണിലെ കഥാപാത്രമാണ് കയദുവിനെ സോഷ്യൽ മീഡിയ സെൻസേഷൻ ആക്കി മാറ്റിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലാകെ നടിയുടെ ഫാൻ മേഡ് വീഡിയോകളാണ് വൈറലാകുന്നത്. അഥർവ നായകനായി എത്തുന്ന ഇദയം മുരളി എന്ന തമിഴ് ചിത്രമാണ് ഇനി കയദുവിന്റെ പുറത്തിറങ്ങാനുള്ളത്. ജൂണിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Highlights: Dragon movie actress Kayadhu lohar rules social media

dot image
To advertise here,contact us
dot image