
ലൂസിഫർ എന്ന സിനിമയുടെ ബിസിനസ് സാധ്യതകൾ മലയാള സിനിമ ഇന്നോളം കൈ വെയ്ക്കാത്ത മേഖലകളിലേക്ക് എത്തുമെന്ന് സിനിമയുടെ പ്ലാനിങ് സമയത്ത് തന്നെ താൻ പറഞ്ഞിരുന്നുവെന്ന് പൃഥ്വിരാജ്. ഇതിന്റെ ഫലപ്രാപ്തി എന്നോണം സിനിമയുടെ ഡിജിറ്റല്‍ സാറ്റ്ലൈറ്റും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷനും റെക്കോർഡ് തുകയ്ക്കാണ് വിറ്റു പോയതെന്നും പൃഥ്വിരാജ് പറയുന്നു. നാന മാഗസീന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ഒരു സിനിമയെ ജനം അംഗീകരിച്ചു കഴിയുന്നതോടെ ആ സിനിമ ചെയ്ത സംവിധായകന്റെ വിജയവും പൂര്‍ണമാവുകയാണ്. പിന്നീട് സംഭവിക്കുന്നതെല്ലാം, റെക്കോഡ് കളക്ഷനടക്കം ആ സിനിമയുടെ ഉപോല്‍പ്പന്നങ്ങള്‍ മാത്രമാണ്. എന്നാല്‍ ലൂസിഫറിന്റെ കാര്യത്തില്‍ ചെറിയൊരു വ്യത്യാസമുണ്ട്. ഈ ചിത്രം പ്ലാന്‍ ചെയ്യുന്ന സമയത്ത് തന്നെ ഞാനത് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞതാണ്. മലയാളസിനിമ ഇന്നോളം കൈ വെയ്ക്കാത്ത പല ബിസിനസ് മേഖലകളെയും നമുക്ക് ചൂഷണം ചെയ്യാന്‍ കഴിയുമെന്ന്. അതിന്റെ ഫലപ്രാപ്തിയായിരുന്നു ലൂസിഫറിന് ലഭിച്ച ഡിജിറ്റല്‍ സാറ്റ്ലൈറ്റും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷനും.
റെക്കോഡ് കളക്ഷനിലാണ് ഈ രണ്ട് റൈറ്റ്‌സുകളും വിറ്റുപോയത്. ലൂസിഫറിന് ലഭിച്ച സാറ്റലൈറ്റ് റൈറ്റ്‌സിനെക്കാളും ഉയര്‍ന്ന തുകയ്ക്കാണ് ഡിജിറ്റല്‍ റൈറ്റ്‌സ് വിറ്റുപോയത്. ചുരുക്കത്തില്‍ ഡിജിറ്റല്‍ റൈറ്റ്‌സിന്റെ അപാരമായ സാധ്യതയും ലൂസിഫറിലൂടെ മലയാള സിനിമയ്ക്ക് തുറന്നുകിട്ടി. മോഹന്‍ലാല്‍ നായകനായ ചിത്രം. പൃഥിരാജ് സംവിധാനം ചെയ്ത ചിത്രം. മുരളി ഗോപി എഴുതിയ ചിത്രം. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം. തുടങ്ങിയ നിലകളിലെല്ലാം തുടക്കം മുതല്‍ തന്നെ ലൂസിഫറിന് ഒരു ഹൈപ് ലഭിച്ചിരുന്നു,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
അതേസമയം, സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ തിയേറ്ററുകളിലെത്താനായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്. സിനിമയുടേതായി വരുന്ന എല്ലാ അപ്ഡേറ്റുകൾക്കും ആരാധകരുടെ ഭാഗത്ത് നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. എമ്പുരാന്റെ ഡിജിറ്റല്‍ സാറ്റ്ലൈറ്റും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷനും റെക്കോർഡ് തുകയ്ക്കാണ് വിറ്റു പോയതെന്നാണ് റിപ്പോർട്ടുകൾ.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Prithviraj says he had said that Lucifer's business potential is huge