
സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയുടെ മേൽ വലിയ ഹൈപ്പുമുണ്ട്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ നിർമാണ ചെലവിന്റെ ഒട്ടുമുക്കാലും റിലീസിന് മുന്നേ തിരികെ ലഭിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
സൽമാൻ ഖാന്റെ പ്രതിഫലം ഉൾപ്പടെ 180 കോടിയാണ് സിനിമയുടെ നിര്‍മ്മാണച്ചെലവ്. സിനിമയുടെ പബ്ലിസിറ്റിയുടെ ചെലവുകൾ കൂടി നോക്കിയാൽ അത് 200 കോടിക്ക് മുകളിലാകും. ഈ തുകയുടെ ഒട്ടുമുക്കാലും നിർമാതാവിന് തിരികെ ലഭിച്ചെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. 85 കോടിയാണ് നെറ്റ്ഫ്ലിക്സുമായുള്ള കരാറിലൂടെ ലഭിക്കുക. എന്നാൽ സിനിമ വൻവിജയമാവുകയും ബോക്സ് ഓഫീസിൽ നിന്ന് 350 കോടിയിലധികം നേടുകയും ചെയ്യുന്നപക്ഷം ഇത് 100 കോടി വരെ പോകാം എന്നും റിപ്പോർട്ടുകളുണ്ട്.
സിനിമയുടെ സാറ്റലൈറ്റ് അവകാശം സീയ്ക്കാണ്. 50 കോടി രൂപയ്ക്കാണ് സീ സിക്കന്ദറിന്റെ ടിവി റൈറ്റ്സ് നേടിയിരിക്കുന്നത്. സീ മ്യൂസിക് കമ്പനി 30 കോടിക്കാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇങ്ങനെ നിർമാണ ചെലവിന്റെ ഒട്ടുമുക്കാലും സിനിമ ഇതിനകം തിരിച്ചുപിടിച്ചു എന്നാണ് റിപ്പോർട്ട്.
മാർച്ച് 28 നാണ് ചിത്രത്തെ തിയേറ്ററുകളായിലെത്തുക. സൽമാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Content Highlights: Salman Khan’s Sikandar secures huge crore non-theatrical deal