
സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വാടിവാസൽ. വെട്രിമാരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. എന്തിനേറെ സിനിമയുടെ ഒരു അപ്ഡേറ്റിനായി ആരാധകർ ചോദ്യമുണ്ടായിക്കാറുപോലുമുണ്ട്. ഇപ്പോഴിതാ സിനിമയുടെ വമ്പൻ അപ്ഡേറ്റാണ് എത്തിയിരിക്കുന്നത്.
അത് മറ്റൊന്നുമല്ല വാടിവാസലിന്റെ പാട്ടുകളുടെ കംപോസിങ് തുടങ്ങിയിരിക്കുകയാണ്. സിനിമയുടെ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ തന്നെയാണ് സിനിമയുടെ ഈ വമ്പൻ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്. സംവിധായകൻ വെട്രിമാരനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ജി വി പി സിനിമയുടെ വിശേഷം പങ്കുവെച്ചത്. ഈ അപ്ഡേറ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. തിയേറ്ററുകളിൽ ആഘോഷമാകും വിധമുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നതായി നിരവധിപ്പേർ കുറിച്ചു.
#Vaadivaasal song composing has started . ✨ @theVcreations @Suriya_offl pic.twitter.com/squZGM0dyz
— G.V.Prakash Kumar (@gvprakash) March 7, 2025
വാടിവാസലിന്റെ ഷൂട്ടിംഗ് മെയ്, ജൂണിൽ ആരംഭിക്കുമെന്നാണ് ഈ അടുത്ത് വെട്രിമാരൻ വ്യക്തമാക്കിയത്. വി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം നിർവഹിക്കുക ആർ വേൽരാജ് ആണ്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അച്ഛന്റെ മരണത്തിന് കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന പിച്ചിയുടെ കഥയാണ് നോവൽ പറയുന്നത്.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോ ആണ് ഇനി പുറത്തിറങ്ങാനുള്ള സൂര്യ ചിത്രം. ജോജു ജോര്‍ജ്, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. മെയ് ഒന്നിന് ചിത്രം തിയേറ്ററിലെത്തും. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.
Content Highlights: Vaadivaasal song composing has started