ഖുറേഷി അബ്‌റാമിന്റെ ജാക്കറ്റ് റെഡി മെയ്ഡല്ല, ഉണ്ടാക്കിയത്; വെളിപ്പെടുത്തി കോസ്റ്റ്യൂം ഡിസൈനർ

'അഞ്ചോ പത്തോ ജാക്കറ്റുകൾ ഉണ്ടാക്കി നോക്കി, വലിച്ചെറിഞ്ഞിട്ടാണ് നമ്മൾ ആ ജാക്കറ്റിന്റെ ഔട്ട്പുട്ടിലേക്ക് എത്തുന്നത്'

dot image

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാൻ എന്ന സിനിമയ്ക്കായി മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. ആദ്യവരവിൽ അവസാന രംഗങ്ങളിൽ ഒഴികെ മറ്റെല്ലാ രംഗങ്ങളിലും മോഹൻലാൽ വെള്ള ഷർട്ട് മുണ്ടുമായിരുന്നു ധരിച്ചിരുന്നതെങ്കിൽ എമ്പുരാന്റേതായി പുറത്തുവന്ന അപ്ഡേറ്റുകളിലെല്ലാം ഡെനിം ജാക്കറ്റും ബൂട്ട്സുമെല്ലാം ധരിച്ചാണ് കഥാപാത്രത്തെ കാണാൻ കഴിയുന്നത്. ഈ രണ്ടാം വരവിലെ മോഹൻലാൽ കഥാപാത്രത്തിന്റെ വസ്ത്രങ്ങളെക്കുറിച്ച് റിപ്പോർട്ടറിനോട് സംസാരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരൻ.

'ഒരു കുർത്ത, അല്ലെങ്കിൽ ഷർട്ടും മുണ്ടും, ഇങ്ങനെയുള്ള കോസ്റ്റ്യൂംസ് ഏറ്റവും അധികം ചേരുന്ന നടനാണ് മോഹൻലാൽ. ഒരു വെള്ള ഷർട്ടിട്ടാൽ ഇത്രയും അട്ട്രാക്ടീവായ ആളുണ്ടോ എന്നത് സംശയമാണ്. ഖുറേഷി അബ്‌റാം എന്നത് ഡെനിം ജാക്കറ്റും ബൂട്ട്സുമൊക്കെ ധരിക്കുന്ന ആളാണ്. ലൂസിഫർ എവിടെ നിന്നാണോ അവസാനിച്ചത്, അവിടെ നിന്ന് കഥ പറയുന്ന ടെറൈൻ ആണിത്. ആ കഥാപാത്രത്തെ നിലനിർത്തികൊണ്ട് പുതുമ കൊണ്ടുവരിക എന്നതായിരുന്നു ചാലഞ്ച്. അതിനായി രണ്ടു മാസത്തോളം സ്റ്റഡി നടത്തി.

'അദ്ദേഹം ഇട്ടിരിക്കുന്ന ജാക്കറ്റ് ഉണ്ടാക്കിയതാണ്. അതിന് എന്തൊക്കെ മെറ്റീരിയൽ വേണം എന്നൊക്കെ നോക്കണം. കടയിൽ പോയി ഒരു റെഡി മെയ്ഡ് സാധനം കൊണ്ടുവരാം എന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കാറില്ല. മരക്കാർ, ബ്രോ ഡാഡി, വാലിബൻ തുടങ്ങിയ സിനിമകളിൽ ഇല്ലാത്ത ചാലഞ്ച് എന്നത് ഈ ലുക്ക് ആണ്. അതിന്റെ നൂല് മുതലുള്ള മെറ്റീരിയലിനെക്കുറിച്ചും ആ ജാക്കറ്റിൽ എങ്ങനെ എഫക്ട് കൊണ്ടുവരണം എന്നുമൊക്കെ ചെയ്തു നോക്കണം. അതിനായി അഞ്ചോ പത്തോ ജാക്കറ്റുകൾ ഉണ്ടാക്കി നോക്കി, വലിച്ചെറിഞ്ഞിട്ടാണ് നമ്മൾ ആ ജാക്കറ്റിന്റെ ഔട്ട്പുട്ടിലേക്ക് എത്തുന്നത്. അതാണ് ഇത്തരം സിനിമകളിലെ നമ്മുടെ സംഭാവന,' എന്ന് സുജിത്ത് സുധാകരൻ പറഞ്ഞു.

Content Highlights: Sujith Sudhakaran talks about the costumes of Mohanlal in Empuraan movie

dot image
To advertise here,contact us
dot image