
അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ നായകനായ ചിത്രമാണ് ഡ്രാഗൺ. റൊമാന്റിക് കോമഡി ജോണറിൽ കഥ പറയുന്ന സിനിമ ഇപ്പോൾ തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി 150 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. ഈ വിജയതേരോട്ടത്തിനൊടുവിൽ സിനിമ ഉടൻ ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ചിത്രം മാർച്ച് 28 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്. കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാകുമെന്നാണ് സൂചന. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ലവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ചിത്രമാണ് ഡ്രാഗൺ. റൊമാന്റിക് കോമഡി ജോണറിൽ ആണ് സിനിമ. അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.
വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമക്കായി സംഗീതമൊരുക്കുന്നത് ലിയോൺ ജെയിംസ് ആണ്. ഓ മൈ കടവുളേക്ക് ശേഷം അശ്വത് മാരിമുത്തു - ലിയോൺ ജെയിംസ് കോംബോ ഒന്നിക്കുന്ന സിനിമയാണ് ഡ്രാഗൺ.
Content Highlights: Dragon to stream in OTT soon