
ആസിഫ് അലി ചിത്രം രേഖാചിത്രം തിയേറ്ററിൽ എന്നപോലെ ഒടിടിയിലും മികച്ച പ്രതികരണമാണ് നേടുന്നത്. തിരക്കഥയും സംവിധാന മികവും അഭിനേതാക്കളുടെ പ്രകടനവും ഉൾപ്പടെ എല്ലാ മേഖലകൾക്കും മികച്ച പ്രതികരണമാണ് ഒടിടിയിലും ലഭിക്കുന്നത്. തിയേറ്ററുകളിൽ ശ്രദ്ധിക്കാതെ പോയ സിനിമയിലെ ചില ബ്രില്യൻസുകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചിത്രത്തിൽ സിനിമയിൽ അനശ്വര രാജൻ അവതരിപ്പിക്കുന്ന രേഖ എന്ന കഥാപാത്രത്തിന്റെ കന്യാസ്ത്രീ വസ്ത്രം ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ഒരു കമ്പിയിൽ കൊണ്ട് കീറുന്നുണ്ട്. ഇത് വെറുമൊരു കമ്പിയല്ലെന്നാണ് ജോസ്മോൻ വാഴയിൽ എന്ന വ്യക്തിയുടെ കണ്ടെത്തൽ. 'രേഖയുടെ കന്യാസ്ത്രീ വസ്ത്രം കീറിയത് ചുമ്മാ ഏതെങ്കിലും കമ്പിയിൽ കൊണ്ടല്ല. കാതോടു കാതോരത്തിലെ മേരിക്കുട്ടിക്കു വേണ്ടി ലൂയിസ് ഉണ്ടാക്കിക്കൊടുക്കുന്നതായി കാണിക്കുന്ന കാറ്റാടി ഫാനിന്റെ ലീഫിലെ കമ്പിയിൽ കൊണ്ടാണ്,' എന്ന് ജോസ്മോൻ വാഴയിൽ പറയുന്നു.
ഇതുകൊണ്ടും തീരുന്നില്ല ബ്രില്യൻസുകൾ. 'ഈ വർഷത്തെ സൂപ്പർഹിറ്റുകളിലൊന്ന് ഒടിടിയിലെത്തിക്കഴിഞ്ഞു. രേഖാചിത്രം. ഇനി അവരുടെ വരവാണ്, ആരുടെ ? ബ്രില്യൻസുകളുടെ. പഴയ ഭരതനും കമലിനുമൊപ്പം ബാക്‌ഗ്രൗണ്ടിൽ ഞാനിവിടെ കാണുന്നത്, ഒരു ട്രിപ്പിൾ ഡ്രം നടന്ന് പോവുന്നതാണ്- ദേവദൂതർ പാടിയെന്ന പാട്ടിനു വേണ്ടിയുള്ള ട്രിപ്പിൾ ഡ്രം,' എന്നതാണ് കിരൺ എന്ന പ്രേക്ഷകൻ കണ്ടെത്തിയ ബ്രില്യൻസ്.
സിനിമയിൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എൺപതുകളിലെ മമ്മൂട്ടിയെ പുനരവതരിപ്പിച്ചതിനും മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച എഐ വർക്കുകളിൽ ഒന്ന് എന്നാണ് ഈ രംഗങ്ങളെക്കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മറ്റ് ഇൻഡസ്ട്രികളിൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമകൾ ചെയ്യുന്നതിന് പലരും കോടികൾ മുടക്കുകയും എന്നാൽ മോശം ഔട്ട്പുട്ടുകൾ ലഭിക്കുകയും ചെയ്യുമ്പോൾ ഇവിടെ വളരെ ചുരുങ്ങിയ ബജറ്റിൽ മികച്ച ഔട്ട്പുട്ടാണ് ജോഫിൻ ടി ചാക്കോയും സംഘവും ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.
ഇതിനോട് ചുവടുപിടിച്ച് ഇന്ത്യൻ 2 എന്ന സിനിമയിൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നെടുമുടി വേണുവിനെയും, അതുപോലെ ഗോട്ട് ചിത്രത്തിൽ വിജയകാന്തിനെയും പുനരവതരിപ്പിച്ചിരിക്കുന്ന രംഗങ്ങളെ നിരവധിപ്പേർ വിമർശിക്കുന്നുണ്ട്. ഷങ്കറും വെങ്കട് പ്രഭുവുമൊക്കെ രേഖാചിത്രം കണ്ടുപഠിക്കട്ടെ എന്നാണ് ചില പ്രേക്ഷകർ കുറിക്കുന്നത്. അതിനൊപ്പം ആദിപുരുഷ് ഉൾപ്പടെയുള്ള സിനിമകളിലെ മോശം വിഎഫ്എക്സ് രംഗങ്ങളെയും പലരും വിമർശിക്കുന്നുണ്ട്.
രേഖാചിത്രത്തിൽ സുപ്രധാനമായ നിമിഷത്തിലാണ് മമ്മൂട്ടിയെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനരവതരിപ്പിച്ചിരിക്കുന്നത്. കാതോട് കാതോരം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ആ സിനിമയിൽ അഭിനയിക്കാനായി മമ്മൂട്ടി എത്തുന്നതും ആ സിനിമയിൽ നടൻ അഭിനയിക്കുന്നതുമായ രംഗങ്ങളാണ് പുനരവതരിപ്പിച്ചിരിക്കുന്നത്. ഈ രംഗങ്ങൾക്ക് തിയേറ്ററിലും വലിയ കയ്യടി ലഭിച്ചിരുന്നു.
Content Highlights: Social Media finds brilliances in Rekhachithram movie