
അജിത് കുമാർ-ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു. ബില്ല, മങ്കാത്ത വൈബിൽ ഒരു 'അജിത് ആഘോഷം' എന്നാണ് ടീസറിനെക്കുറിച്ച് പല ആരാധകരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ പാട്ടിനെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംഗീത സംവിധായകൻ ജിവി പ്രകാശ് കുമാർ.
'ഫസ്റ്റ് സിംഗിൾ സൂൺ മാമേ, സുട സുട റെഡി പണ്ണിട്ടിറുക്കോം', എന്നാണ് ജിവി പ്രകാശ് കുമാർ എക്സിലൂടെ പങ്കുവച്ചത്. ഈ മാസം അവസാനത്തോടെ ഗാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. അതേസമയം ഏറെ കൈയടി നേടിയ ടീസറിന് ശേഷം ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് മേൽ ഉള്ളത്. അഞ്ച് മുതൽ ആറ് കോടി വരെയാണ് ചിത്രത്തിനായി കേരള വിതരണക്കാർ ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ ചിത്രം വലിയ നേട്ടമുണ്ടാക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടലുകൾ. ശിവ സംവിധാനം ചെയ്ത വിവേകം ആണ് ഇതിന് മുൻപ് കേരളത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിട്ടുപോയ അജിത് സിനിമ.
First single soon maamey 🔥 Suda suda ready pannitrukkom 🔥
— G.V.Prakash Kumar (@gvprakash) March 8, 2025
ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Good Bad ugly update by GV Prakash Kumar