രേഖാചിത്രത്തിലെ 'മമ്മൂട്ടി'യെ സൃഷ്ടിച്ച മൂന്ന് പേർ;ലൊക്കേഷൻ ചിത്രങ്ങളുമായി രഹസ്യം പങ്കുവെച്ച് സംവിധായകൻ

"സിനിമയുടെ റിലീസ് മുതല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ തവണ കേട്ട ചോദ്യത്തിനുള്ള മറുപടി ഇതാ"

dot image

രേഖാചിത്രത്തിലെ മമ്മൂട്ടിയുടെ എഐ രംഗങ്ങള്‍ വലിയ അഭിനന്ദനങ്ങളാണ് ഏറ്റുവാങ്ങുന്നത്. തിയേറ്റര്‍ റിലീസ് സമയത്തും ഇപ്പോള്‍ ഒടിടിയിലെത്തിയപ്പോഴും സിനിമയിലെ ഈ രംഗങ്ങളെ പുകഴ്ത്തുന്നവര്‍ ഏറെയാണ്. ആദ്യ ഷോ മുതല്‍ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയോട് പലരും ആവര്‍ത്തിച്ചു ചോദ്യവും ഈ സീനുകളെ കുറിച്ച് തന്നെയായിരുന്നു. ഇപ്പോഴിതാ ഈ രംഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തികളെ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

മമ്മൂട്ടിയോട് രൂപസാദൃശ്യമുള്ള ട്വിങ്കിള്‍ സൂര്യ എന്ന അഭിനേതാവും അദ്ദേഹത്തെ മമ്മൂട്ടിയുടെ ചലനങ്ങള്‍ പരിശീലിപ്പിച്ചെടുത്ത അരുണ്‍ എന്ന ട്രെയ്‌നറും എഐ ടീമുമാണ് ഈ രംഗങ്ങള്‍ സാധ്യമാക്കിയതെന്ന് ജോഫിന്‍ പറയുന്നു. ആന്‍ഡ്രൂവിന്റെ നേതൃത്വത്തിലുള്ള മൈന്‍ഡ്‌സ്റ്റൈന്‍ ടീമാണ് എഐ ഉപയോഗിച്ചുള്ള ഡീ ഏജിങ് നടത്തിയത്.

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജോഫിന്‍ സിനിമയുടെ ഈ അണിയറപ്രവര്‍ത്തനത്തെ കുറിച്ച് പങ്കുവെച്ചത്. സിനിമയുടെ റിലീസ് മുതല്‍ താന്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യത്തിനുള്ള മറുപടി ഇപ്പോള്‍ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച എഐ വര്‍ക്കുകളില്‍ ഒന്ന് എന്നാണ് സിനിമയിലെ മമ്മൂട്ടിയുടെ രംഗങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

മറ്റ് ഇന്‍ഡസ്ട്രികളില്‍ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമകള്‍ ചെയ്യുന്നതിന് പലരും കോടികള്‍ മുടക്കുകയും എന്നാല്‍ മോശം ഔട്ട്പുട്ടുകള്‍ ലഭിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ വളരെ ചുരുങ്ങിയ ബജറ്റില്‍ മികച്ച ഔട്ട്പുട്ടാണ് ജോഫിന്‍ ടി ചാക്കോയും സംഘവും ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഇതിനോട് ചുവടുപിടിച്ച് ഇന്ത്യന്‍ 2 എന്ന സിനിമയില്‍ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നെടുമുടി വേണുവിനെയും, അതുപോലെ ഗോട്ട് ചിത്രത്തില്‍ വിജയകാന്തിനെയും പുനരവതരിപ്പിച്ചിരിക്കുന്ന രംഗങ്ങളെ നിരവധിപ്പേര്‍ വിമര്‍ശിക്കുന്നുണ്ട്. ഷങ്കറും വെങ്കട് പ്രഭുവുമൊക്കെ രേഖാചിത്രം കണ്ടുപഠിക്കട്ടെ എന്നാണ് ചില പ്രേക്ഷകര്‍ കുറിക്കുന്നത്. അതിനൊപ്പം ആദിപുരുഷ് ഉള്‍പ്പടെയുള്ള സിനിമകളിലെ മോശം വിഎഫ്എക്‌സ് രംഗങ്ങളും വിമര്‍ശനമേറ്റുവാങ്ങുന്നുണ്ട്.

രേഖാചിത്രത്തില്‍ സുപ്രധാനമായ നിമിഷത്തിലാണ് മമ്മൂട്ടിയെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനരവതരിപ്പിച്ചിരിക്കുന്നത്. കാതോട് കാതോരം എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ ആ സിനിമയില്‍ അഭിനയിക്കാനായി മമ്മൂട്ടി എത്തുന്നതും ഷൂട്ടിങ് സീനുകളുമാണ് ചിത്രത്തിലുള്ളത്. ഈ രംഗങ്ങളെ ഹര്‍ഷാരവങ്ങളോടെയാണ് തിയേറ്ററില്‍ വരവേറ്റിരുന്നത്.

Content Highlights: Rekhachithram directors reveals secret behind Mammootty's AI scenes in the movie

dot image
To advertise here,contact us
dot image