
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ ചിത്രമാണ് രേഖാചിത്രം. ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന ജോണറിൽ കഥ പറഞ്ഞ സിനിമ ഒടിടി റിലീസിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷമായിരിക്കുകയാണ്. സിനിമയിലെ പല ബ്രില്യൻസുകളും സിനിമാപ്രേമികൾ ചർച്ചയാക്കുന്നുണ്ട്. ഇതിനിടയിൽ രേഖാചിത്രത്തിലെ അനശ്വരയുട കഥാപാത്രവും മറ്റൊരു സിനിമയിലെ നടിയുടെ കഥാപാത്രവും തമ്മിലെ രസകരമായ സമാനത കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
രേഖാചിത്രത്തിൽ രേഖ പത്രോസ് എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രം ഒരു കടുത്ത മമ്മൂട്ടി ആരാധികയാണ്. 'മമ്മൂട്ടി ചേട്ടൻ' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് നടന് കത്തയക്കുന്നുമുണ്ട് രേഖ എന്ന കഥാപാത്രം. സിനിമയുടെ അവസാന ഭാഗങ്ങളിൽ ഈ കഥാപാത്രം ഒരു മാഗസിനിൽ നിന്ന് മമ്മൂട്ടിയുടെ ചിത്രം വെട്ടി തന്റെ മുറിയുടെ ചുമരിൽ ഒട്ടിക്കുന്ന രംഗവുമുണ്ട്.
2017 ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് അനശ്വര അഭിനയ രംഗത്തേക്ക് എത്തുന്നത്. ഈ സിനിമയിൽ അനശ്വര അവതരിപ്പിച്ച കഥാപാത്രമാകട്ടെ ഒരു ദുൽഖർ സൽമാൻ ആരാധികയാണ്. ഈ കഥാപാത്രം സിഐഎ എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ നിന്നും ദുൽഖറിന്റെ മുഖം കീറിയെടുത്ത് തന്റെ മുറിയിൽ ഒട്ടിക്കുന്ന ഒരു രംഗം ഈ ചിത്രത്തിലുണ്ട്. അങ്ങനെ ദുൽഖറിന്റേയും മമ്മൂട്ടിയുടേയും ആരാധികയായി അനശ്വര അഭിനയിച്ചിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
Rekhachithram × udaharanam sujatha
— Aɴᴜᴠᴀʀsʜ P V (@Anuvarsh_anu) March 7, 2025
The characters played by Anaswara Rajan in both films got the opportunity to idolize DQ and Mamookka. #DulquerSalmaan #Mammootty pic.twitter.com/OhHApq7LOA
ഇതുകൊണ്ടും കഴിയുന്നില്ല തിയേറ്ററുകളിൽ ശ്രദ്ധിക്കാതെ പോയ രേഖാചിത്രത്തിലെ ചില ബ്രില്യൻസുകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. സിനിമയിൽ അനശ്വര രാജൻ അവതരിപ്പിക്കുന്ന രേഖ എന്ന കഥാപാത്രത്തിന്റെ കന്യാസ്ത്രീ വസ്ത്രം ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ഒരു കമ്പിയിൽ കൊണ്ട് കീറുന്നുണ്ട്. ഇത് വെറുമൊരു കമ്പിയല്ലെന്നാണ് ജോസ്മോൻ വാഴയിൽ എന്ന വ്യക്തിയുടെ കണ്ടെത്തൽ.
'രേഖയുടെ കന്യാസ്ത്രീ വസ്ത്രം കീറിയത് ചുമ്മാ ഏതെങ്കിലും കമ്പിയിൽ കൊണ്ടല്ല. കാതോടു കാതോരത്തിലെ മേരിക്കുട്ടിക്കു വേണ്ടി ലൂയിസ് ഉണ്ടാക്കിക്കൊടുക്കുന്നതായി കാണിക്കുന്ന കാറ്റാടി ഫാനിന്റെ ലീഫിലെ കമ്പിയിൽ കൊണ്ടാണ്,' എന്ന് ജോസ്മോൻ വാഴയിൽ പറയുന്നു.
Content Highlights: Social media finds similarities between the character of Anaswara in Rekhachithram and Udaharanam Sujatha