
ഡിസ്നി ഹോട്സ്റ്റാറിന്റെ ആറാമത്തെ മലയാളം സീരീസ് ആണ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ'. നീരജ് മാധവും ഗൗരി കിഷനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സീരീസിൽ അജു വർഗീസും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പപ്പൻ എന്ന കഥാപാത്രമായുള്ള അജു വർഗീസിന്റെ പ്രകടനവും വലിയ കയ്യടികളാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും നേടുന്നത്. ഇപ്പോൾ പപ്പൻ എന്ന കഥാപാത്രത്തെ ഒരു ആൽഫ മെയിലായാണ് ആദ്യം പ്ലാൻ ചെയ്തത് എന്ന് പറയുകയാണ് സംവിധായകൻ വിഷ്ണു രാഘവ്. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് വിഷ്ണു ഇക്കാര്യം പറഞ്ഞത്.
'എന്റെ കൺസെപ്റ്റിൽ ആദ്യം പപ്പന്റെ കഥാപാത്രം ഒരു ആൽഫ മെയിലായിരുന്നു. പുള്ളി ആൽഫ മെയിൽ ആകുന്നതിൽ കോമഡിയാണ് ആദ്യം പ്ലാൻ ചെയ്തത്. പിന്നീട് അജു വന്നു കഴിഞ്ഞപ്പോൾ ഇത് അജുവിന്റെ പഴയ മീറ്ററിലേക്ക് ഇറക്കാം എന്ന് തോന്നി. പിന്നീട് എഴുതിയ സമയത്തെ മീറ്ററിൽ നിന്ന് കുറച്ച് മാറ്റം വരുത്താൻ തീരുമാനിച്ചു, എന്നാൽ അജുവിന്റെ പഴയ ഹ്യൂമറിന്റെ അത്ര ലൗഡ് ആകാനും പാടില്ല. അത്തരമൊരു മീറ്ററിലാണ് ആ കഥാപാത്രത്തെ ഒരുക്കിയത്. ഷൂട്ടിങ്ങിനിടയിലാണ് ആ കഥാപാത്രത്തിന് കൂടുതൽ ഡെവലപ്മെന്റ് ഉണ്ടായത്,' എന്ന് വിഷ്ണു രാഘവ് പറഞ്ഞു.
നീരജ് മാധവ് അവതരിപ്പിക്കുന്ന കഥാപാത്രം ഒരു വീട് വെയ്ക്കാൻ ശ്രമിക്കുന്നതും, അയാളുടെ പ്രണയത്തിനെയും ചുറ്റിപ്പറ്റി കഥ പറയുന്ന ഒരു സീരീസ് ആണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ. ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, സഹീര്‍ മുഹമ്മദ്, ഗംഗ മീര, ആന്‍ സലിം, തങ്കം മോഹന്‍, മഞ്ജുശ്രീ നായര്‍ എന്നിവരും സിരീസിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന സിരീസിന്‍റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലാണ് സീരീസ് റിലീസ് ചെയ്തിരിക്കുന്നത്.
Content Highlights: Vishnu Raghav talks about the character of Aju Varghese in Love Under Construction