സർക്കാർ സ്‌കൂളിലെ കുട്ടി ഇംഗ്ലിഷ് സംസാരിക്കുമോ എന്ന് പലരും ചോദിച്ചു, മറുപടി ഷൂട്ടിനിടെ കിട്ടി: ഗോവിന്ദ് വിഷ്ണു

"ദിവസക്കൂലിക്കാരനായ അച്ഛന്റെ, ശുചീകരണതൊഴിലാളിയായ അമ്മയുടെ, സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന മകള്‍ ഇംഗ്ലിഷ് പറയുമോ എന്ന് ചോദിച്ചവരുണ്ട്"

dot image

ദാവീദ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ കുഞ്ഞി എന്ന കുട്ടി ഇംഗ്ലിഷ് തര്‍ജമ ചെയ്യുന്ന സീനിനെ കുറിച്ച് വിശദമാക്കി സംവിധായകന്‍ ഗോവിന്ദ് വിഷ്ണു. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി മലയാളം പറയുമോ എന്ന പലരും തന്നോട് ചോദിച്ചിരുന്നെന്നും എന്നാല്‍ സിനിമാഷൂട്ടിനിടെ നടന്ന ഒരു സംഭവമാണ് ആ സീന്‍ അങ്ങനെ തന്നെ ഷൂട്ട് ചെയ്യാന്‍ തനിക്ക് ധൈര്യം തന്നതെന്നും ഗോവിന്ദ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗോവിന്ദ്.

'സിനിമയില്‍ നിര്‍ണായകമായ സമയത്താണ് കുഞ്ഞി എന്ന കുട്ടിയുടെ കഥാപാത്രം ഇംഗ്ലിഷ് പറയുന്നത്. വില്ലന്‍ പറയുന്നത് അബുവിന് മകളാണ് തര്‍ജമ ചെയ്തുകൊടുക്കുന്നത്. ദിവസക്കൂലിക്കാരനായ അച്ഛന്റെ, ശുചീകരണതൊഴിലാളിയായ അമ്മയുടെ, സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന മകള്‍ ഇംഗ്ലിഷ് പറയുമോ എന്ന് ചോദിച്ചവരുണ്ട്. അതിനുള്ള മറുപടി എനിക്ക് ഷൂട്ടിനിടെ ലഭിച്ചു.

ഒരു സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു ഷൂട്ട്. അപ്പോള്‍ അവിടെയുള്ള ഒരു കുട്ടി എന്നോട് വന്ന് ഇംഗ്ലിഷിലാണ് ചില കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയത്. ഈ സിനിമയില്‍ മറ്റൊരു കാര്യം കൂടിയുണ്ട്. ഇംഗ്ലിഷ് പറയുന്ന ഭാഗങ്ങളിലൊന്നും മലയാളത്തില്‍ സബ്‌ടൈറ്റില്‍ ചെയ്തിട്ടില്ല. ആളുകള്‍ക്ക് മനസിലാകും എന്ന ധാരണയിലായിരുന്നു അങ്ങനെ ചെയ്തത്.

സിനിമ കണ്ട ഒരാള്‍ പോലും സബ്‌ടൈറ്റില്‍ ഇല്ലാത്തതില്‍ എന്നോട് ഒരു പ്രശ്‌നം പറഞ്ഞിട്ടില്ല. മനസിലായില്ലെന്ന് ആരും പറഞ്ഞിട്ടില്ല. കോഴിക്കോടും തൃശൂരും എന്റെ നാടായ കരുനാഗപ്പിള്ളിയിലുമൊക്കെ സാധാരണക്കാരായ മനുഷ്യരോടൊപ്പം ഈ സിനിമ കണ്ടിരുന്നു. അവര്‍ക്കെല്ലാം മനസിലായി. ഇതൊരു വലിയ കാര്യമല്ലായിരിക്കാം. പക്ഷെ എന്റെ നാട്ടില്‍ 100 ലിറ്റ്‌റസി ഉണ്ടെന്ന് അഭിമാനത്തോടെ ഞാന്‍ പറയും,' ഗോവിന്ദ് വിഷ്ണു.

ആന്റണി വര്‍ഗീസ് പെപ്പെ നായകനായി തിയേറ്ററുകളിലെത്തിയ ദാവീദ് ബോക്‌സിങ്ങിന്റെ പശ്ചാത്തലത്തിലായിരുന്നു കഥ പറഞ്ഞത്. ലിജോമോള്‍, വിജയരാഘവന്‍, ബാലതാരം ജെസ് കുക്കു, സൈജു കുറുപ്പ് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

Content Highlights: Daveed movie director Govind Vishnu says why he put English speaking scene in the movie

dot image
To advertise here,contact us
dot image