
രജനികാന്ത് ആരധകർ മാത്രമല്ല സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ് ജയിലർ 2 നായി. തെന്നിന്ത്യ മുഴുവൻ തരംഗമായിരുന്നു ജയിലറിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ അത് തിയേറ്ററുകൾക്ക് ആഘോഷമാകുമെന്ന് ഉറപ്പാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
മാർച്ച് 10 തിങ്കളാഴ്ച സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്യുന്നത്. 15 ദിവസം നീണ്ടു നിൽക്കുന്ന ഷെഡ്യൂളായിരിക്കും ഇത്. രജനികാന്തും ഈ ഷെഡ്യൂളിൽ ഭാഗമാകുമെന്നും സൂചനയുണ്ട്. ആദ്യ ഭാഗത്തിൽ കാമിയോ റോളിലെത്തി പ്രേക്ഷകരുടെ കയ്യടി നേടിയ മോഹൻലാലും ശിവരാജ്കുമാറും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഒപ്പം ബോളിവുഡിൽ നിന്നും ഒരു സൂപ്പർതാരം കൂടി സിനിമയിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. കേരള, തേനി, ഗോവ തുടങ്ങിയവയാണ് സിനിമയുടെ മറ്റു ലൊക്കേഷനുകൾ.
#Jailer2 Shoot starts tomorrow! pic.twitter.com/CEHcNGN4am
— Sreedhar Pillai (@sri50) March 9, 2025
അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ജയിലറിൽ വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആർ നിർമൽ ആയിരുന്നു. ജയിലർ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു.
Content Highlights: Jailer 2 shooting to begin very soon