
മലയാളികൾ മാത്രമല്ല ഇന്ന് ലോകമെമ്പാടും ഉറ്റുനോക്കുന്ന റിലീസാണ് എമ്പുരാൻ സിനിമയുടേത്. മോഹൻലാൽ-പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായി തുടരുകയാണ്. വമ്പൻ താരനിര ഭാഗമാകുന്ന സിനിമയിൽ കന്നഡ താരമായ കിഷോർ കുമാറും ഒരു വേഷം ചെയ്യുന്നുണ്ട്. കാർത്തിക്ക് എന്ന ഐ ബി ഓഫീസറായാണ് നടൻ സിനിമയിലെത്തുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് കിഷോർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
എമ്പുരാൻ ഒരു വലിയ ചിത്രമായിരിക്കും എന്നാണ് കിഷോർ പറയുന്നത്. 'ആ ചിത്രത്തെപ്പറ്റി എന്താണ് പറയേണ്ടത് എന്ന് എനിക്കും അറിയില്ല. ഞാൻ ആ സിനിമയുടെ ഭാഗമാണ്. ഒരു ചെറിയ റോളാണ്, എന്നാൽ വളരെ ഇന്ററസ്റ്റിങ്ങായ റോളുമാണ്. ഞാനും ചരിത്രത്തിന്റെ ഭാഗമാകുന്നു എന്ന് വേണമെങ്കിൽ പറയാം. അതൊരു വലിയ ചിത്രമാണ്. നിരവധി പേരുണ്ട് ആ സിനിമയിൽ. മുഴുവന്‍ മലയാളം ഇൻഡസ്ട്രിയുമുണ്ട്, തമിഴ് ഇന്ഡസ്ട്രിയും,' എന്ന് നടൻ പറഞ്ഞു.
'ആ സിനിമയുടെ സെറ്റെല്ലാം വളരെ വലുതാണ്. ചെറിയ ചെറിയ രംഗങ്ങൾക്ക് പോലും വമ്പൻ സെറ്റുകളാണ് ഇട്ടിരിക്കുന്നത്. അതുപോലെ പൃഥ്വിരാജ് എന്ന സംവിധായകനും വളരെ ഇന്ററസ്റ്റിങ്ങാണ്. ഒരു നടൻ സംവിധാനം ചെയ്യുമ്പോൾ നടന്റെയും സംവിധായകന്റെയും മികവ് വരും,' എന്നും കിഷോർ അഭിപ്രായപ്പെട്ടു. ചിത്രത്തിൽ മോഹൻലാലിനൊപ്പവും പൃഥ്വിരാജിനൊപ്പവും കോമ്പിനേഷൻ രംഗങ്ങൾ ഇല്ലെന്നും നടൻ വ്യക്തമാക്കി.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Kishore Kumar talks about Empuraan movie