
തമിഴ് സിനിമയിലെ മുന്‍നിരയിലേക്ക് ഉയര്‍ന്ന് വരുന്ന സംവിധായകരില്‍ ഒരാളാണ് അശ്വത് മാരിമുത്തു. മൂന്ന് സിനിമകൾ കൊണ്ട് അദ്ദേഹം തെന്നിന്ത്യയാകെ ചർച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സംവിധായകനോട് ഒരു ആരാധകൻ നടത്തിയ അഭ്യർത്ഥനയും അതിന് അശ്വതിന്റെ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.
'അശ്വത് അണ്ണാ നിങ്ങളുടെ ഈ വളർച്ചയിൽ ഒരു ആരാധകൻ എന്ന നിലയിൽ സന്തോഷമുണ്ട്. എന്നാൽ ഒരു ചെറിയ അഭ്യർത്ഥന, ഇനി വരുന്ന സിനിമകളിൽ ആർക്കും വേണ്ടി കോംപ്രമൈസ് ചെയ്യരുത്. അതുപോലെ സംഗീത സംവിധായകൻ ഉൾപ്പടെയുള്ള നിങ്ങളുടെ ടീമിനെയും മാറ്റരുത്,' എന്നാണ് ആരാധകൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
ഇതിന് വളരെ രസകരമായ മറുപടിയാണ് അശ്വത് നൽകിയത്. 'നോ കോംപ്രമൈസ്. എന്റെ നടന്മാരും നിർമാതാക്കളും വിട്ടുവീഴ്ച ചെയ്യാൻ അനുവദിക്കില്ല. അത്തരം ആളുകൾക്കൊപ്പമാണ് ഞാൻ പ്രവർത്തിക്കുന്നത്,' എന്നായിരുന്നു അശ്വത് മാരിമുത്തുവിന്റെ മറുപടി.
No compromise ! My actors or producers don’t allow me to compromise ! Such are the people I am associated with ! 🤗@Ags_production @archanakalpathi @aishkalpathi https://t.co/tNZFiSrqvf
— Ashwath Marimuthu (@Dir_Ashwath) March 9, 2025
'ഓ മൈ കടവുളെ' എന്ന എന്ന സിനിമയാണ് അശ്വത് മാരിമുത്തു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ. 2020 ലായിരുന്നു സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. അശോക് സെല്‍വനും റിതിക സിംഗുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്. പിന്നാലെ സിനിമ തെലുങ്ക് റീമേക്കായ 'ഒരി ദേവുഡ'യും അദ്ദേഹം ഒരുക്കി. ശേഷം ഡ്രാഗണ്‍ എന്ന സിനിമയാണ് അശ്വത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രം.
2025 ഫെബ്രുവരി 21 നാണ് ഡ്രാഗണ്‍ തിയേറ്ററുകളിലേക്ക് എത്തിയത്. ലവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ സിനിമ ആഗോളതലത്തിൽ 150 കോടിയോളം രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്. റൊമാന്റിക് കോമഡി ജോണറിൽ ആണ് സിനിമ. അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.
Content Highlights: Fan's request to Ashwath Marimuthu and his reply gone viral