
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ ചിത്രമാണ് രേഖാചിത്രം. ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന ജോണറിൽ കഥ പറഞ്ഞ സിനിമ ഒടിടി റിലീസിന് പിന്നാലെ വലിയ ചർച്ചാവിഷമായിരിക്കുകയാണ്. സിനിമയിലെ പല ബ്രില്യൻസുകളും സിനിമാപ്രേമികൾ ചർച്ചയാക്കുന്നുണ്ട്. ഇതിനിടയിൽ രേഖാചിത്രത്തിലെ അനശ്വരയുടെ കഥാപാത്രത്തിന്റെ പശ്ചാത്തലത്തിലെ ചില ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.
രേഖാചിത്രത്തിൽ രേഖ പത്രോസ് എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തെ കൊലപ്പെടുത്തുകയും വർഷങ്ങൾക്ക് ശേഷം ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുന്നതും തുടർന്നുള്ള അന്വേഷണവുമാണ് സിനിമയുടെ കഥ. ഈ കഥാപാത്രവും ദൃശ്യം സിനിമയിൽ റോഷൻ ബഷീർ അവതരിപ്പിച്ച വരുൺ പ്രഭാകർ എന്ന കഥാപാത്രവുമായി സാമ്യതകളുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
ഇതുകൊണ്ടും കഴിയുന്നില്ല രേഖാചിത്രത്തിലെ അനശ്വരയുടെ കഥാപാത്രവും മറ്റൊരു സിനിമയിലെ നടിയുടെ കഥാപാത്രവും തമ്മിലെ രസകരമായ സമാനതയുടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. രേഖാചിത്രത്തിലെ കഥാപാത്രം ഒരു കടുത്ത മമ്മൂട്ടി ആരാധികയാണ്. 'മമ്മൂട്ടി ചേട്ടൻ' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് നടന് കത്തയക്കുന്നുമുണ്ട് രേഖ എന്ന കഥാപാത്രം. സിനിമയുടെ അവസാന ഭാഗങ്ങളിൽ ഈ കഥാപാത്രം ഒരു മാഗസിനിൽ നിന്ന് മമ്മൂട്ടിയുടെ ചിത്രം വെട്ടി തന്റെ മുറിയുടെ ചുമരിൽ ഒട്ടിക്കുന്ന രംഗവുമുണ്ട്.
2017 ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് അനശ്വര അഭിനയ രംഗത്തേക്ക് എത്തുന്നത്. ഈ സിനിമയിൽ അനശ്വര അവതരിപ്പിച്ച കഥാപാത്രമാകട്ടെ ഒരു ദുൽഖർ സൽമാൻ ആരാധികയാണ്. ഈ കഥാപാത്രം സിഐഎ എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ നിന്നും ദുൽഖറിന്റെ മുഖം കീറിയെടുത്ത് തന്റെ മുറിയിൽ ഒട്ടിക്കുന്ന ഒരു രംഗം ഈ ചിത്രത്തിലുണ്ട്. അങ്ങനെ ദുൽഖറിന്റേയും മമ്മൂട്ടിയുടേയും ആരാധികയായി അനശ്വര അഭിനയിച്ചിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
Content Highlights: Trolls related to Anaswara charcter in Rekhachithram and Varun Prabhakar in Drishyam