'മാളികപ്പുറം 100 കോടി നേടിയിട്ടില്ല'; യഥാർത്ഥ കണക്കുകൾ വെളിപ്പെടുത്തി വേണു കുന്നപ്പിള്ളി

'പക്ഷേ 2018ന്റെ 200 കോടി പോസ്റ്റര്‍ സത്യമാണ്'

dot image

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിച്ചത്. 2022 ൽ പുറത്തിറങ്ങിയ ചിത്രം 100 കോടിയിലധികം രൂപ നേടിയതായി പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ സിനിമ അത്രത്തോളം കളക്ഷൻ നേടിയിട്ടില്ല എന്ന് പറയുകയാണ് വേണു കുന്നപ്പിള്ളി.

‘മാളികപ്പുറം 100 കോടി കളക്ട് ചെയ്തിട്ടില്ല. ആ പടം ആകെ 75 കോടി മാത്രമേ നേടിയുള്ളൂ. സാറ്റ്‌ലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സ്, ബാക്കി ബിസിനസ് ഒക്കെ ചേര്‍ത്താണ് 75 കോടി. പക്ഷേ 2018ന്റെ 200 കോടി പോസ്റ്റര്‍ സത്യമാണ്. തിയേറ്ററില്‍ നിന്ന് 170 കോടിയോളം ആ പടം കളക്ട് ചെയ്തു. ബാക്കി ഒടിടി, സാറ്റ്‌ലൈറ്റ് എല്ലാം ചേര്‍ത്ത് 200 കോടിയുടെ ബിസിനസ് നേടി,' എന്ന് വേണു വേണു കുന്നപ്പള്ളി പറഞ്ഞു. ജിൻജർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

മാമാങ്കം എന്ന തന്റെ ആദ്യ സിനിമയും 100 കോടി ക്ലബിൽ ഇടം നേടിയിരുന്നില്ല എന്നും സിനിമയുടെ കളക്ഷൻ താഴോട്ട് പോകുന്നത് കണ്ടപ്പോൾ അന്ന് പറ്റിയ അബദ്ധമായിരുന്നു സിനിമ 135 കോടി കളക്ട് ചെയ്തുവെന്നുള്ള പോസ്റ്റർ എന്നും അദ്ദേഹം വ്യക്തമാക്കി. 'ജീവിതത്തിൽ പല കാലഘട്ടങ്ങളിലും പല മണ്ടത്തരങ്ങളും പറ്റും എന്ന് പറയില്ലേ. എന്റെയടുത്ത് പല ആളുകളും അന്ന് പറഞ്ഞിരുന്നത് ഇങ്ങനെ ഇട്ട് കഴിഞ്ഞാലേ ജനങ്ങൾ കയറുകയുള്ളൂ എന്നാണ്. നമ്മൾ വെള്ളത്തിൽ നീന്താൻ അറിയാതെ ചാടി മുങ്ങി പോകുന്ന സമയത്ത് ആരെങ്കിലും ഒരു സാധനം ഇട്ട് കഴിയുമ്പോൾ കയറി പിടിക്കില്ലേ. സിനിമ തിയേറ്ററിൽ വന്ന് ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഭയങ്കര കളക്ഷൻ ആയിരുന്നു. പിന്നെ നേരെ താഴോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഇങ്ങനെ പറയുന്നത് നമുക്ക് അവിടെ ഒരു കേക്ക് കട്ട് ചെയ്‌താൽ എന്താണ് ഈ പറയുന്ന 135 കോടിയുടെ പോസ്റ്റർ എഴുതിക്കാം എന്നൊക്കെ,'

'ആ സമയത്ത് പരിചയം ഇല്ലാത്തതുകൊണ്ട് എന്തും ചെയ്തു പോകുന്ന അവസ്ഥയിലായിരുന്നു. നമ്മുടെ ആൾക്കാർ തന്നെ എന്റെ അടുത്ത് പറഞ്ഞു ടി ഡി എം ഹാൾ ഗ്രൗണ്ടിൽ ഒരു പരിപാടി സംഘടിപ്പിച്ച് കേക്ക് മുറിക്കാം എന്ന്. പക്ഷെ അത് അന്നാണ്, ഇന്ന് സിനിമ എന്താണ് പഠിച്ചു, പണികൾ പഠിച്ചു ഡയറക്ടർ എന്തെന്ന് മനസിലാക്കി അയാളുടെ സ്വഭാവം മനസിലാക്കി സിനിമ ചെയ്യാൻ പഠിച്ചു. അതിന് ശേഷം എന്റെ ഒരു സിനിമയെക്കുറിച്ചും ഒരു വിവാദവും ഉണ്ടായിട്ടില്ല,' വേണു കുന്നപ്പള്ളി പറഞ്ഞു.

Content Highlights: Venu Kunnappilly says that Malikappuram didnt crossed 100 crores

dot image
To advertise here,contact us
dot image