
വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ് വീര ധീര സൂരൻ. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗംഭീര പ്രകടനമാണ് സിനിമയിൽ സുരാജിന്റേതെന്നും ഡയലോഗുകൾ രണ്ട് ദിവസം മുൻപേ മനഃപാഠമാക്കി മനോഹരമായി ആണ് അദ്ദേഹം അഭിനയിച്ചതെന്നും സംവിധായകൻ എസ് യു അരുൺ കുമാർ. കഥ കേൾക്കുന്നതിന് മുൻപേ താങ്കളുടെ സിനിമയിൽ അഭിനയിക്കാൻ റെഡി ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം അദ്ദേഹത്തിന് തന്റെ ചിത്തയും പന്നയ്യാരും പത്മിനിയും വളരെ ഇഷ്ടപെട്ട സിനിമകൾ ആയിരുന്നെന്നും സിനിമ വികടന് നൽകിയ അഭിമുഖത്തിൽ അരുൺ കുമാർ പറഞ്ഞു.
'സിനിമയുടെ നിർമാതാക്കളും സുരാജും നേരത്തെ സുഹൃത്തുക്കളാണ്. അദ്ദേഹത്തെ ഞാൻ കാണാൻ പോയപ്പോൾ കഥ കേൾക്കുന്നതിന് മുൻപേ താങ്കളുടെ സിനിമയിൽ ഞാൻ അഭിനയിക്കാൻ റെഡി ആണ് എന്നാണ് പറഞ്ഞത്. അത് എനിക്ക് വലിയ അത്ഭുതമായിരുന്നു. കാരണം അദ്ദേഹത്തിന് എന്റെ ചിത്തയും പന്നയ്യാരും പത്മിനിയും വളരെ ഇഷ്ടപെട്ട സിനിമകളാണ്. എന്നെ വിശ്വസിച്ച് അദ്ദേഹം വരുമ്പോൾ അതിന്റെ ഭാരം മുഴുവൻ എനിക്കാണ് കാരണം അദ്ദേഹം ആദ്യമായിട്ടാണ് തമിഴിൽ അഭിനയിക്കാൻ വരുന്നത്.
ആദ്യ ദിവസം അദ്ദേഹത്തിന് ഒരുപാട് ഡയലോഗുകൾ ഉണ്ടായിരുന്നു. അതെല്ലാം അദ്ദേഹം രണ്ട് ദിവസം മുന്നേ മനഃപാഠമാക്കി മനോഹരമായി ആണ് ചെയ്തത്. പടത്തിൽ ഒരിടത്തും അദ്ദേഹത്തിന്റെ പോഷനിൽ ലിപ് സിങ്കിന്റെ പ്രശ്നം ഉണ്ടാകില്ല. ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാൻ ആണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും മുതൽ ഞാൻ അദ്ദേഹത്തിന്റെ വർക്കുകൾ ശ്രദ്ധിക്കുന്നുണ്ട്. ഓരോ സിനിമയിലും അദ്ദേഹം എങ്ങനെയാണ് അഭിനയിക്കുന്നതെന്ന് ഞാൻ ശ്രദ്ധിക്കുന്നുണ്ട്', അരുൺ കുമാർ പറഞ്ഞു.
വീര ധൂര സൂരന്‍ മാർച്ച് 27 ന് പുറത്തിറങ്ങും. 'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു നാടൻ ആക്ഷൻ ത്രില്ലറാകും വീര ധീര സൂരൻ എന്ന ഉറപ്പ് നൽകുന്നതാണ് ടീസർ. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.
Content Highlights: Arunkumar talks about Suraj Venjaramoodu performance