
ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് വീര ധീര സൂരൻ. വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ ഈ സിനിമക്കായി കാത്തിരിക്കുന്നത്. ചിത്രം മോഹൻലാൽ സിനിമയായ എമ്പുരാനൊപ്പം മാർച്ച് 27 ന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ വന്നതോടെ സിനിമയെക്കുറിച്ചുള്ള ആകാംഷ കൂടിയിട്ടുണ്ട്. ഇപ്പോഴിതാ എമ്പുരാന് മുൻപ് ചിത്രത്തിന്റെ ട്രെയ്‌ലർ അപ്ഡേറ്റ് പുറത്തുവിട്ട് വീര ധീര സൂരൻ.
മാർച്ച് 20 ന് വീര ധീര സൂരന്റെ ട്രെയ്‌ലറും പാട്ടും പുറത്തിറങ്ങുമെന്ന അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്. വളരെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന വിക്രം സിനിമയായതിനാൽ ട്രെയ്‌ലർ റിലീസ് ചെയ്യുന്നതിലൂടെ അത് ഹൈപ്പ് കൂട്ടാൻ സഹായകമാകും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലും പുറത്തിറങ്ങും. 'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു നാടൻ ആക്ഷൻ ത്രില്ലറാകും വീര ധീര സൂരൻ എന്ന ഉറപ്പ് നൽകുന്നതാണ് ടീസർ.
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. 'മല്ലിക കടൈ' എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.
Content HIghlights: Vikram film Veera dheera sooran trailer from march 20th