
എസ് എസ് രാജമൗലിയും മഹേഷ് ബാബുവും ആദ്യമായി ഒന്നിക്കുന്ന 'എസ്എസ്എംബി 29' എന്ന സിനിമയുടെ ചിത്രീകരണം ഒഡീഷയിലെ കോരാപുട്ടിയില്‍ നടക്കുകയാണ്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ മേൽ വലിയ പ്രതീക്ഷയാണ് ഉള്ളത്. ചിത്രത്തിൽ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ കഥയെ സംബന്ധിച്ചുള്ള ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പിങ്ക് വില്ല.
ഒരു ജംഗിൾ അഡ്വെഞ്ചർ ത്രില്ലർ ആയി ഒരുങ്ങുന്ന സിനിമയുടെ കഥ വികസിക്കുന്നത് കാശിയിൽ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാശിയിലെ ശരിക്കുള്ള ലൊക്കേഷനിൽ ചിത്രം ഷൂട്ട് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം ഒഡീഷയിൽ സെറ്റ് ഇടുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. കാശിയുടെ ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്നും സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായിട്ടാണ് സ്ഥലത്തെ രാജമൗലി ട്രീറ്റ് ചെയ്യാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒരു ഹൈബ്രിഡ് ഫോർമാറ്റിൽ സിനിമ ചിത്രീകരിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്. യഥാർത്ഥ കാടുകളിൽ സിനിമ ചിത്രീകരിക്കുന്നതിനോടൊപ്പം വൻ തോതിൽ നിർമിക്കുന്ന സെറ്റുകളിലും സിനിമയുടെ ഷൂട്ടിംഗ് നടക്കും. ചിത്രത്തിൽ അഭിനയിക്കാനായി നടി പ്രിയങ്ക ചോപ്ര ഇന്ന് ഒഡീഷയിലെത്തി. ഒരിടവേളക്ക് ശേഷം പ്രിയങ്ക അഭിനയിക്കുന്ന ഇന്ത്യൻ സിനിമയാണിത്.
സിനിമയുടെ ലൊക്കേഷൻ വീഡിയോ ചോർന്നത് വലിയ വാർത്തയായിരുന്നു. മഹേഷ് ബാബുവും പൃഥ്വിരാജും അഭിനയിക്കുന്ന ഒരു രംഗമാണ് ചോര്‍ന്നത്. ഇതിന് പിന്നാലെ അണിയറപ്രവർത്തകർ സിനിമയുടെ സെറ്റിൽ സുരക്ഷ കർശനമാക്കിയതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. സിനിമയിലെ ഒരു കഥാപാത്രത്തെക്കുറിച്ചുള്ള ചില നിര്‍ണ്ണായക വിവരങ്ങൾ അടങ്ങുന്ന രംഗമാണ് ലീക്കായത്. ഇതിൽ രാജമൗലി അത്യധികം ക്ഷുഭിതനാണെന്നാണ് വിവരം. വീഡിയോ ചോര്‍ന്ന സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാനാണ് ചിത്രത്തിന്‍റെ അണിയറക്കാരുടെ തീരുമാനം എന്നും സൂചനകളുണ്ട്. നേരത്തെ സിനിമയ്ക്കായി ഒരു കൂറ്റൻ സെറ്റ് നിർമിക്കുന്നതിന്റെ ലൊക്കേഷൻ ചിത്രങ്ങളും ചോർന്നിരുന്നു. തുടരെ തുടരെ സിനിമയുടെ വിവരങ്ങൾ ലീക്കാകുന്നതിൽ അണിയറപ്രവർത്തകർ ആശങ്കയിലാണ് എന്നാണ് വിവരം.
2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
Content Highlights: SSMB 29 rajamouli film plot revealed according to reports