
ജാതി രത്നലു, മല്ലേശാം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ തെലുങ്ക് നടനാണ് പ്രിയദർശി. മികച്ച കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും നടൻ കയ്യടികൾ നേടിയിട്ടുണ്ട്. ഷങ്കർ സംവിധാനം ചെയ്ത് രാം ചരൺ നായകനായ ഗെയിം ചേഞ്ചർ എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിൽ പ്രിയദർശി എത്തിയിരുന്നു. എന്നാൽ ചിത്രത്തിൽ നിന്ന് നടന്റെ രംഗങ്ങൾ എല്ലാം ഒഴിവാക്കിയിരുന്നു. ഇപ്പോഴിതാ അതിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ. താൻ 25 ദിവസം സിനിമയിൽ വർക്ക് ചെയ്‌തു, എന്നാൽ രണ്ടു മിനിറ്റ് പോലും സിനിമയിൽ ഇല്ലായിരുന്നു എന്ന് മനസു തുറന്നിരിക്കുകയാണ് പ്രിയദർശി.
'ബലഗാം എന്ന സിനിമയ്ക്ക് മുൻപേ ഞാൻ സൈൻ ചെയ്ത സിനിമയാണ് ഗെയിം ചേഞ്ചർ. ആ സമയത്ത് ഞാൻ ഹീറോയുടെ കൂട്ടുകാരൻ കഥാപാത്രങ്ങൾ നിറയെ ചെയ്യുന്നുണ്ടായിരുന്നു. എത്ര നാൾ മുൻപാണ് ഗെയിം ചേഞ്ചർ അന്നൗൻസ് ചെയ്തതെന്നും എപ്പോഴാണ് ഷൂട്ട് തുടങ്ങിയതെന്നും ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഞാൻ ആ സിനിമയിൽ ഒരുപാട് സീനുകൾ ചെയ്തിരുന്നു എല്ലാം എഡിറ്റിൽ പോയി. ഞാൻ 25 ദിവസം സിനിമയിൽ വർക്ക് ചെയ്‌തു, രണ്ടു മിനിറ്റ് പോലും സിനിമയിൽ ഇല്ലായിരുന്നു. സിനിമയിലെ എന്റെ കഥാപാത്രം ചെറുതാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. പക്ഷേ ഷങ്കർ സാറിനും രാംചരണിനും തിരുസാറിനും ഒപ്പം വർക്ക് ചെയ്യുക എന്നത് എന്റെ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് ആ സിനിമയിൽ ജോയിൻ ചെയ്തത്. എനിക്ക് ആ സിനിമയോട് ഒരു പ്രശ്നവുമില്ല. കാരണം ഞാൻ ആ സിനിമയിൽ പോയതെന്തിനെന്ന് എനിക്ക് നല്ല ക്ലാരിറ്റി ഉണ്ട്', പ്രിയദർശി പറഞ്ഞു.
രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമാണ് ഗെയിം ചേഞ്ചർ. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. 184 കോടിയാണ് ഗെയിം ചേഞ്ചർ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദിൽ രാജുവിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കിയ സിനിമയാകും ഗെയിം ചേഞ്ചർ. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികാവേഷത്തില്‍ എത്തിയത്. അഞ്ജലി, എസ് ജെ സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
Content Highlights: Actor Priyadarshi reveals why his role was trimmed in game changer