
സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ കുറച്ചുകൂടി ധാര്‍ഷ്ട്യത്തോടെയോ അഹങ്കാരത്തോടെയോ ജീവിച്ചേനെയെന്ന് അജു വർഗീസ്. പ്രേക്ഷകന്റെ കാശിന് ജീവിക്കുന്ന വ്യക്തിയാണെന്ന തോന്നല്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും സിനിമയിൽ വന്നതുകൊണ്ട് പല കാര്യങ്ങളിലും ഒതുക്കം വന്നെന്നും അജു വർഗീസ് കൂട്ടിച്ചേർത്തു. ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘സിനിമയില്‍ വന്നപ്പോള്‍ പ്രേക്ഷകരോട് കുറച്ചുകൂടി വിധേയത്വം കൂടി. അവരുടെ കാശിന് ജീവിക്കുന്ന വ്യക്തിയാണെന്ന തോന്നല്‍ എന്റെ ഉള്ളില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരു സ്‌കൂള്‍ മാഷോ ബാങ്ക് ജീവനക്കാരോ ആയിരുന്നെങ്കില്‍ കുറച്ചുകൂടി ധാര്‍ഷ്ട്യത്തോടെയോ അഹങ്കാരത്തോടെയോ ഞാന്‍ ജീവിച്ചേനെ. എന്റെ ആഗ്രഹവും അങ്ങനെ ജീവിക്കാനായിരുന്നു. പക്ഷെ സിനിമയില്‍ വന്നതുകൊണ്ടുതന്നെ പല കാര്യങ്ങളെയും നമ്മള്‍ സമീപിക്കുന്നതില്‍ ഒരുപാട് ഒതുക്കം വന്നു. വേറെ വഴിയില്ലാത്തതുകൊണ്ടാണ്.'
'ഞാന്‍ ഒരുപാട് ആഗ്രഹിച്ച് വന്നൊരു മേഖലയാണ് സിനിമ. ഒരുപാട് വാല്യൂ ഉള്ള മഹത്തരമായ ഇന്‍ഡസ്ട്രിയിലാണ് ഞാന്‍ ഉള്ളത്. മറ്റ് മേഖല ഇതിലും ബുദ്ധിമുട്ട് കുറഞ്ഞതാണന്നൊന്നും ഞാന്‍ പറയില്ല. ഇതിലും ബുദ്ധിമുട്ടുള്ള ജോലികളും വേറെ ഉണ്ട്. പക്ഷെ വളരെ മഹത്തരമായ ഒരു മേഖലയിലാണ് ഞാന്‍ എത്തിപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ എനിക്ക് ആ മേഖലയോട് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlights: Aju Varghese talks about the changes he experienced movie