റോക്കിയുമല്ല പുഷ്പയുമല്ല… അതിലും ഡോസ് കൂടിയ ഐറ്റം; അല്ലുവും പ്രശാന്ത് നീലും ഒന്നിക്കുന്നു?

പ്രശാന്ത് നീൽ പറഞ്ഞ ആശയം നടന് ഇഷ്ടമായതായും സൂചനയുണ്ട്

dot image

പുഷ്പ 2 ന്റെ വമ്പൻ വിജയത്തിന് ശേഷം അല്ലു അർജുന്റെ അടുത്ത ചിത്രം ഏതായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. തെന്നിന്ത്യൻ സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലീക്കൊപ്പമായിരിക്കും നടന്റെ അടുത്ത ചിത്രം എന്ന് റിപ്പോർട്ടുകളുണ്ട്. ത്രിവിക്രം ശ്രീനിവാസിനൊപ്പം അല്ലു ഒരു സിനിമയ്ക്കായി ചെയ്യാനൊരുങ്ങുന്നതായും വാർത്തകൾ വന്നിരുന്നു. ഇതിനിടയിൽ 'കെജിഎഫ്' സംവിധായകൻ പ്രശാന്ത് നീലിനൊപ്പം അല്ലു കൂടിക്കാഴ്ച നടത്തിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ദിൽ രാജുവിനൊപ്പം ഒരു സിനിമ ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ട് ദിൽ രാജു അദ്ദേഹത്തെ സമീപിച്ചുവെന്നും മികച്ച ഒരു സംവിധായകനുണ്ടെങ്കിൽ താൻ തയ്യാറാണെന്ന് നടൻ പറഞ്ഞുവെന്നുമാണ് വിവരം. തുടർന്ന് ദിൽ രാജു പ്രശാന്ത് നീലും അല്ലു അർജുനും തമ്മിൽ ഒരു കൂടിക്കാഴ്‌ച നടത്തിയെന്നും പ്രശാന്ത് നീൽ പറഞ്ഞ ആശയം നടന് ഇഷ്ടമായതായും സൂചനയുണ്ട്.

അതേസമയം ജൂനിയർ എൻടിആറിനൊപ്പം സിനിമ ചെയ്യുന്നതിന്റെ തിരക്കുകളിലാണ് പ്രശാന്ത് നീൽ ഇപ്പോൾ. സിനിമയിൽ ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. അനിമൽ എന്ന സിനിമയിലെ നടന്റെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലേക്ക് അണിയറപ്രവർത്തകർ പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ രശ്മിക മന്ദാന നായികയാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഡ്രാഗൺ എന്നാണ് സിനിമയുടെ പേരെന്നും റിപ്പോർട്ടുകളുണ്ട്.

പ്രഭാസിനെ നായകനാക്കി ഒരുക്കിയ സലാർ പാർട്ട് 1 ആണ് പ്രശാന്ത് നീലിന്റേതായി അവസാനമിറങ്ങിയ സിനിമ. 2023 ക്രിസ്മസ് റിലീസായാണ് സലാർ എത്തിയത്. ഡിസംബര്‍ 22ന് എത്തിയ ചിത്രം ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിങ്ങിലെത്തിയിട്ടുണ്ട്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ വി രാമ റാവു എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്. പ്രഭാസിനൊപ്പം പൃഥ്വിരാജും സലാറില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Highlights: Allu Arjun and Prashanth Neel in talks for a biggie

dot image
To advertise here,contact us
dot image