
ഡ്രാഗൺ എന്ന സിനിമയുടെ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയ ഇളക്കി മറിച്ചിരിക്കുകയാണ് കയാദു ലോഹർ എന്ന നായിക. ചിത്രത്തിൽ പല്ലവി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് നടിയുടെ പ്രകടനത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ രവി തേജ നായകനാകുന്ന പുതിയ ചിത്രത്തിൽ കയാദു ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
കിഷോർ തിരുമല സംവിധാനം ചെയ്യുന്ന പുതിയ ചിത്തത്തിൽ കയാദു ലോഹര്‍ ഭാഗമാകുന്നു എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ആദ്യമായല്ല കയാദു ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നത്. ശ്രീ വിഷ്ണു അഭിനയിച്ച അല്ലൂരി എന്ന ചിത്രത്തിലൂടെയാണ് നടി തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ ശ്രദ്ധ നേടിയില്ല. ഇതിനുപുറമെ ഇദയം മുരളി എന്ന തമിഴ് ചിത്രത്തിലും കയാദു ലോഹർ ഭാഗമാകുന്നുണ്ട്.
2021 ൽ കന്നഡ ചിത്രമായ മുഗിൽപേട്ടിലൂടെയാണ് കയാദു അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിൽ അപൂർവ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. എന്നാൽ മലയാള സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിലൂടെയാണ് നടിക്ക് വലിയ രീതിയിൽ പ്രേക്ഷശ്രദ്ധ ലഭിക്കുന്നത്. ചിത്രത്തിൽ നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു ലോഹർ അവതരിപ്പിച്ചത്.
വിനയൻ സംവിധാനം ചെയ്ത ചിത്രം ഒരു പീരീഡ് ആക്ഷൻ ഡ്രാമയായിട്ടാണ് ഒരുങ്ങിയത്. ചിത്രത്തിലെ കയാദു ലോഹറിന്റെ പ്രകടനം നിറയെ കൈയടികൾ നേടിയിരുന്നു. എം മോഹനൻ സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഒരു ജാതി ജാതകം എന്ന സിനിമയിലും കയാദു അഭിനയിച്ചിരുന്നു. പായൽ എന്ന കഥാപാത്രത്തെയാണ് നടി സിനിമയിൽ അവതരിപ്പിച്ചത്. ചിത്രം മാർച്ച് 14 ന് മനോരമ മാക്സിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും.
Content Highlights: Kayadu Lohar bags Ravi Teja's next movie