
തമിഴ്നാട്ടില്‍ വലിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗണ്‍. ചിത്രത്തിന്റെ കഥയ്ക്കും സംവിധാനത്തിനുമൊപ്പം കഥാപാത്രങ്ങളും അഭിനേതാക്കളുടെ പ്രകടനവും ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. ആദ്യ ദിവസങ്ങളില്‍ പ്രദീപ് രംഗനാഥന്റെ നായകവേഷത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ നടന്നതെങ്കില്‍ പിന്നീട് അത് ചിത്രത്തിലെ ഒരു നായികവേഷം അവതരിപ്പിച്ച കയാദു ലോഹര്‍ എന്ന നടിയിലേക്കും മാറി. ചിത്രത്തില്‍ മികച്ച പ്രകടനമാണ് കയാദു നടത്തിയിരിക്കുന്നതെന്നും ഡാന്‍സ് മികച്ചതാണെന്നും അഭിപ്രായങ്ങളുയര്‍ന്നു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കയാദു സമൂഹമാധ്യമങ്ങളിലെ സെന്‍സേഷനായി മാറി. എന്നാൽ ചിത്രത്തിൽ ആദ്യം കയാദുവിന് നൽകിയത് അനുപമ പരമേശ്വരൻ അവതരിപ്പിച്ച കീർത്തി എന്ന കഥാപാത്രമായിരുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ അശ്വത് മാരിമുത്തു.
'കയാദുവിന് ആദ്യം നൽകിയത് അനുപമ ചെയ്ത കീർത്തി എന്ന കഥാപാത്രമായിരുന്നു. എന്നാൽ അതിന് ശേഷം വേറെ ഒരാൾ ആ റോൾ ചെയ്താൽ നന്നാകും എന്ന് എനിക്ക് തോന്നി. തിരിച്ചുപോയി കയാദുവിനോട് പല്ലവി എന്ന കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ അത് ഏറ്റെടുത്തു. എനിക്ക് കുഴപ്പമില്ല അശ്വത്, എനിക്ക് താങ്കളുടെ ഒപ്പം സിനിമ ചെയ്യണം എന്ന് പറഞ്ഞു കയാദു വന്നു. അതുകൊണ്ടാണ് അവർ ഇന്ന് സക്സസ്ഫുൾ ആയി നിൽക്കുന്നത്', അശ്വത് മാരിമുത്തു പറഞ്ഞു.
അതേസമയം, തിയേറ്ററുകളില്‍ മികച്ച കുതിപ്പ് തുടരുകയാണ് ഡ്രാഗണ്‍. തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ സിനിമയെന്ന നേട്ടമാണ് ഇപ്പോള്‍ ഡ്രാഗണ്‍ സ്വന്തമാക്കിയിരിക്കുന്നത്. അജിത് സിനിമയായ വിടാമുയര്‍ച്ചിയെ മറികടന്നാണ് ഡ്രാഗണ്‍ ഈ നേട്ടത്തിലേക്ക് എത്തിയത്. 108.54 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍. അതേസമയം, ഓവര്‍സീസില്‍ നിന്ന് ചിത്രം 32 കോടി നേടി.
സിനിമയുടെ ആഗോള കളക്ഷന്‍ ഇപ്പോള്‍ 140 കോടി പിന്നിട്ടിരിക്കുകയാണ്. ചിത്രം ഉടന്‍ 150 കോടിയിലേക്ക് എത്തുമെന്നാണ് കണക്കുക്കൂട്ടല്‍. മികച്ച പ്രതികരണമാണ് കേരളത്തില്‍ നിന്നും ഡ്രാഗണിന് ലഭിക്കുന്നത്. പ്രദര്‍ശനത്തിനെത്തി മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷക പ്രതികരണം കണക്കിലെടുത്ത് കേരളത്തില്‍ ചിത്രത്തിന്റെ സ്‌ക്രീന്‍ കൗണ്ട് കൂട്ടിയിരിക്കുകയാണ്. 125 സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
Content Highlights: Anupama Parameswaran's Keerthy was initially planned for Kayadu