
തമിഴ് നാട്ടില്‍ വലിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗണ്‍. ചിത്രത്തിന്റെ കഥയ്ക്കും സംവിധാനത്തിനുമൊപ്പം കഥാപാത്രങ്ങളും അഭിനേതാക്കളുടെ പ്രകടനവും ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്.
ആദ്യ ദിവസങ്ങളില്‍ പ്രദീപ് രംഗനാഥന്റെ നായകവേഷത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ നടന്നതെങ്കില്‍ പിന്നീട് അത് ചിത്രത്തിലെ ഒരു നായികവേഷം അവതരിപ്പിച്ച കയാദു ലോഹര്‍ എന്ന നടിയിലേക്കും മാറി. ചിത്രത്തില്‍ മികച്ച പ്രകടനമാണ് കയാദു നടത്തിയിരിക്കുന്നതെന്നും ഡാന്‍സ് മികച്ചതാണെന്നും അഭിപ്രായങ്ങളുയര്‍ന്നു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കയാദു സമൂഹമാധ്യമങ്ങളിലെ സെന്‍സേഷനായി മാറി.
എന്നാല്‍ പ്രകടനത്തിലും കഥാപാത്രസൃഷ്ടിയിലും കൂടുതല്‍ കയ്യടി അര്‍ഹിക്കുന്നത് നടി അനുപമ പരമേശ്വരന്‍ അവതരിപ്പിച്ച കീര്‍ത്തി ആണെന്നാണ് ഒരു കൂട്ടം പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സിനിമയില്‍ കൃത്യമായ കഥാപാത്ര വളര്‍ച്ചയുള്ളത് കീര്‍ത്തിയ്ക്കാണെന്നും ഏറെ പുതുമയുള്ള കഥാപാത്രമാണ് ഇതെന്നുമാണ് അഭിപ്രായം.
മുന്‍ കാമുകിയെ തേപ്പുകാരിയായി അവതരിപ്പിക്കുന്ന ടെംപ്ലേറ്റുകളില്‍ നിന്നും കീര്‍ത്തി മാറിനില്‍ക്കുന്നു. അവരെ തികച്ചും മാനുഷികമായ രീതിയില്‍ അപ്രോച്ച് ചെയ്യുന്നതിനോടൊപ്പം അവരുടെ ഭാഗത്ത് നിന്നുകൂടി ചിത്രം ചിന്തിക്കുന്നുണ്ട്. അതേസമയം, കീര്‍ത്തിയുടെ ഭാഗത്തുണ്ടായ പ്രശ്‌നങ്ങളും ഉപേക്ഷിക്കപ്പെട്ട കാമുകന്‍ അനുഭവിച്ച വേദനയും ചിത്രം വ്യക്തമായി കാണിച്ചുതരുന്നുമുണ്ട്.
കാമുകനെയും കാമുകിയെയും ശരി തെറ്റുകളുടെ രണ്ട് കള്ളികളില്‍ ഒതുക്കാതെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും ഇതാണ് സിനിമയെ മികച്ചതാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് എന്നും പ്രേക്ഷകര്‍ പറയുന്നു. കീര്‍ത്തിയും രാഘവനും രണ്ട് ഘട്ടങ്ങളില്‍ സ്വയം മനസിലാക്കി സോറി പറയുന്നത് ഹൃദയം തൊട്ട രംഗങ്ങളാണെന്ന് പറയുന്നവരും ഏറെയാണ്. അശ്വത് മാരിമുത്തുവിന്റെ സ്ത്രീകഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചവരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് കീര്‍ത്തിയ്ക്ക് പ്രേക്ഷകര്‍ സ്ഥാനം നല്‍കിയിരിക്കുന്നത്.
അതേസമയം, തിയേറ്ററുകളില്‍ മികച്ച കുതിപ്പ് തുടരുകയാണ് ഡ്രാഗണ്‍. തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ സിനിമയെന്ന നേട്ടമാണ് ഇപ്പോള്‍ ഡ്രാഗണ്‍ സ്വന്തമാക്കിയിരിക്കുന്നത്. അജിത് സിനിമയായ വിടാമുയര്‍ച്ചിയെ മറികടന്നാണ് ഡ്രാഗണ്‍ ഈ നേട്ടത്തിലേക്ക് എത്തിയത്. 108.54 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍. അതേസമയം, ഓവര്‍സീസില്‍ നിന്ന് ചിത്രം 32 കോടി നേടി.
സിനിമയുടെ ആഗോള കളക്ഷന്‍ ഇപ്പോള്‍ 140 കോടി പിന്നിട്ടിരിക്കുകയാണ്. ചിത്രം ഉടന്‍ 150 കോടിയിലേക്ക് എത്തുമെന്നാണ് കണക്കുക്കൂട്ടല്‍. മികച്ച പ്രതികരണമാണ് കേരളത്തില്‍ നിന്നും ഡ്രാഗണിന് ലഭിക്കുന്നത്. പ്രദര്‍ശനത്തിനെത്തി മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷക പ്രതികരണം കണക്കിലെടുത്ത് കേരളത്തില്‍ ചിത്രത്തിന്റെ സ്‌ക്രീന്‍ കൗണ്ട് കൂട്ടിയിരിക്കുകയാണ്. 125 സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
Content Highlights: Anupama Parameswaran's Keerthy character in Dragon deserves more applauds than Kayadu Lohar,says a group of fans