
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'. വലിയ പ്രതീക്ഷകളോടെയാണ് ഈ പിരീഡ് ആക്ഷന്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എന്നാൽ പ്രേക്ഷകരെ സിനിമ സംതൃപ്തിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന്‍ സിനിമയുടെ സെറ്റിൽ സന്തോഷമെന്തെന്നറിഞ്ഞിട്ടില്ലെന്ന് പറയുകയാണ് കോസ്റ്റ്യൂം ഡിസൈനർ സുജിത് സുധാകരന്‍.
സിനിമയുടെ സ്ക്രിപ്റ്റ് കിട്ടിയപ്പോൾ തന്നെ കോസ്റ്റ്യൂം റെഡി ആക്കിയിരുന്നുവെന്നും എന്നാൽ ലൊക്കേഷനിൽ എത്തിയപ്പോൾ ലിജോ അതെല്ലാം മാറ്റണമെന്ന് പറഞ്ഞെന്നും സുജിത് പറഞ്ഞു. ഒരുപാട് എഫര്‍ട്ട് എടുത്ത സിനിമ ആയിരുന്നിട്ടും റിലീസിന് ശേഷം കിട്ടിയ നെഗറ്റീവ് റെസ്‌പോണ്‍സും തന്നെ തളർത്തിയെന്നും സുജിത് കൂട്ടിച്ചേർത്തു. കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘വര്‍ക്ക് ചെയ്തതില്‍ ഏറ്റവും പ്രയാസം തോന്നിയത് മലൈക്കോട്ടൈ വാലിബനാണ്. കാരണം, എന്റെ വര്‍ക്കിങ് സ്‌റ്റൈലുമായി ഒരിക്കലും ചേര്‍ന്ന് പോകാത്ത സെറ്റായിരുന്നു അത്. പടത്തിന്റെ സ്‌ക്രിപ്റ്റ് കൈയില്‍ കിട്ടിയപ്പോള്‍ മുതല്‍ വര്‍ക്ക് തുടങ്ങി. ഓരോ ലൊക്കേഷന്റെയും പ്രത്യേകത മനസിലാക്കിയിട്ട് അതിനനുസരിച്ച് കളറും ബാക്കി കാര്യങ്ങളും ഡിസൈന്‍ ചെയ്ത് സ്‌കെച്ച് തയാറാക്കി ലിജോ ചേട്ടനെ കാണിച്ചു.
‘ഇതുപോലെയൊക്കെ മതിയാകും’ എന്ന് പുള്ളി പറഞ്ഞതിനനുസരിച്ച് വര്‍ക്ക് തുടങ്ങി. സെറ്റിലെത്തിയപ്പോള്‍ പുള്ളി എല്ലാം മാറ്റണമെന്ന് പറഞ്ഞു. ഞാന്‍ ആ സമയത്ത് എന്താണ് ചെയ്യേണ്ടതെന്നറിയാതെ സ്റ്റക്കായി നിന്നു. ആ പടം മുഴുവന്‍ അങ്ങനെയായിരുന്നു എന്റെ വര്‍ക്ക്. ഒരുദിവസം പോലും സന്തോഷമെന്തെന്നറിഞ്ഞിട്ടില്ല. റിലീസിന് ശേഷം കിട്ടിയ നെഗറ്റീവ് റെസ്‌പോണ്‍സും എന്നെ തളര്‍ത്തി. കാരണം, അത്രമാത്രം എഫര്‍ട്ട് ഞാനടക്കം എല്ലാ ടീമും ഇട്ടിട്ടുണ്ടായിരുന്നു,’ സുജിത് സുധാകരന്‍ പറയുന്നു.
Content Highlights: Costume designer Sujith Sudhakaran shares his experience working on the film Malaikottai Valiban