
ചെറുപ്പത്തിൽ തനിക്ക് സിനിമ കാണുന്നത് പേടിയായിരുന്നുവെന്ന് സംഗീത സംവിധായകൻ ബിജിബാൽ. പിന്നീട് ബോയിങ്ങ് ബോയിങ്ങ് എന്ന സിനിമയാണ് ആ പേടി മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമകൾ കുറവാണ് കാണുന്നെങ്കിലും പാട്ടുകൾ കേട്ടിട്ടുണ്ടെന്നും ബിജിബാൽ പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ വയലിൻ പഠിച്ചിട്ടുണ്ട്. അപ്പോൾ തൊട്ടാണ് ക്ലാസിക്കൽ മ്യൂസിക്കിനെക്കുറിച്ച് അറിയുന്നത്. സരീഗമപ എന്ന് പറയുന്നത് പോലും അപ്പോഴാണ്. അതുവരെ സിനിമാ പാട്ടുകൾ അല്ലെങ്കിൽ ചുരുക്കം ചില ലളിത ഗാനങ്ങൾ മാത്രമായിരുന്നു കേട്ടിട്ടുള്ളത്. സിനിമാ പാട്ടുകളായിരുന്നു കൂടുതൽ. സ്ഥിരമായിട്ട് കേൾക്കും. പക്ഷേ എനിക്ക് പണ്ട് സിനിമാ കാണുന്നത് പേടിയായിരുന്നു, എന്നുവെച്ചാൽ സ്കൂളിൽ പഠിക്കുന്ന അഞ്ചിലോ, ആറിലോ വരെയും എനിക്ക് സിനിമ കാണുന്നത് പേടിയായിരുന്നു, ബോയിങ്ങ് ബോയിങ്ങാണ് എന്നെ മാറ്റിയത്. എനിക്ക് സങ്കടം വരുന്ന സീനുകൾ പ്രശ്നമാണ്. അങ്ങനെ ഒന്നുമില്ല മുഴുവൻ കോമഡി ആണ് എന്നുപറഞ്ഞ് നിർബന്ധിച്ച് കണ്ട സിനിമയാണ് ബോയിങ്ങ് ബോയിങ്ങ്. അതിനുശേഷം ആണ് സിനിമകൾ കൂടുതൽ കാണുന്നത്.
പിന്നീട് കുറച്ചൊക്കെ സഹിച്ചുതുടങ്ങി, ആരേലുമൊക്കെ കരഞ്ഞാൽ എന്റെ ദിവസം കഴിഞ്ഞു. അനുബന്ധം എന്ന സിനിമ, വീട്ടിൽ ആരുമില്ലാത്തതിനാൽ ഞാൻ ഒറ്റയ്ക്കിരിക്കണം എന്ന് കരുതിയിട്ടു എന്നെയും കൊണ്ടുപോയി കണ്ട സിനിമയാണ്, ഈ സിനിമ കണ്ടുതീർത്തത് ഭയങ്കര ബുദ്ധിമുട്ടിയിട്ടാണ്. പിന്നീട് അത് ടീവിയിൽ കണ്ടിട്ടുണ്ട് . സിനിമകൾ കുറവാണ് കാണുന്നെങ്കിലും പാട്ടുകൾ കേട്ടിട്ടുണ്ട്. അപ്പോൾ നമുക്ക് നമ്മുടേതായിട്ടുള്ള ഒരു വിഷ്വൽ കിട്ടും. അത് നമ്മുടെ തലയിൽ നിൽക്കും,' ബിജിബാൽ പറഞ്ഞു.
Content Highlights: Music director Bijibal says he was afraid to watch movies when he was young