
തെലുങ്ക് സൂപ്പർതാരം നാനിയും തമിഴ് ഹിറ്റ് സംവിധായകൻ സിബി ചക്രവർത്തിയും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ ഈ അടുത്ത് വന്നിരുന്നു. ഡോൺ എന്ന വമ്പൻ ഹിറ്റിന് ശേഷം സിബി ചക്രവർത്തി ഒരുക്കുന്ന സിനിമ എന്നതിനാൽ പ്രൊജക്ടിന് വലിയ ഹൈപ്പുമുണ്ട്. 'പുഷ്പ' നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് സിനിമ നിർമ്മിക്കേണ്ടത്. എന്നാൽ ഈ ചിത്രം ഉപേക്ഷിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
ഡോൺ എന്ന സിനിമയുടെ വിജയത്തെത്തുടർന്ന് സിബി ചക്രവർത്തി തമിഴ്‌നാട്ടിലെ നിരവധി നിർമ്മാതാക്കളിൽ നിന്ന് അഡ്വാൻസ് വാങ്ങിയിരുന്നു. എന്നാൽ ഈ കമ്മിറ്റ്മെന്റുകൾ പാലിക്കുന്നതിന് മുമ്പ് നാനിക്കൊപ്പമുള്ള സിനിമയിലേക്ക് സിബി തിരിഞ്ഞുവെന്നും ഈ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് മൈത്രി മൂവി മേക്കേഴ്സ് ഈ പ്രൊജക്ടിൽ നിന്ന് പിന്മാറിയെന്നുമാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ, ഇതിനകം രണ്ട് പുതിയ ചിത്രങ്ങളുടെ തിരക്കിലായ നാനി, പദ്ധതി തൽക്കാലം നിർത്തിവയ്ക്കാനും തീരുമാനിച്ചു എന്നും സൂചനകളുണ്ട്.
അതേസമയം ഹിറ്റ് 3, ദി പാരഡൈസ് എന്നീ സിനിമകൾ നാനിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ‘ദസറ’യ്ക്കു ശേഷം തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുന്ന ചിത്രമാണ് ദി പാരഡൈസ്. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം നിർവഹിക്കുന്നത്. ജെഴ്സി, ഗ്യാങ്‌ലീഡർ എന്നീ സിനിമകൾക്കു ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമാണം. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് 'ദ് പാരഡൈസ്' ഒരുങ്ങുന്നത്.
നാനിയുടെ 32-ാമത് ചിതമാണ് ഹിറ്റ് 3. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.
Content Highlights: Reports that Nani movie with Cibi Chakravarthi called off