
പുതിയ കാമുകിയെ പരിചയപ്പെടുത്തി ബോളിവുഡ് നടൻ ആമിർ ഖാൻ. 25 വര്‍ഷത്തിലേറെയായി ഗൗരി സ്പ്രാറ്റ് എന്ന യുവതിയെ അറിയാമെന്നും ഒരു വര്‍ഷമായി ഗൗരിയുമായി പ്രണയത്തിലാണെന്നും ആമിർ ഖാൻ പറഞ്ഞു. മുംബൈയില്‍ തന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് പ്രണയവിവരം ആമിർ ഖാൻ മാധ്യമങ്ങളുമായി പങ്കുവെച്ചത്.
ബെംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ആറ് വയസ്സുള്ള ഒരു മകന്റെ അമ്മയായ ഗൗരിക്കൊപ്പം താന്‍ ലിവിങ് ടുഗതറിലാണെന്ന് താരം പറഞ്ഞു. ഗൗരി തന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അവര്‍ തങ്ങളുടെ ബന്ധത്തില്‍ സന്തുഷ്ടരാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ ഔദ്യോഗികമായി ഒരു കുടുംബ ഗെറ്റ്ടുഗതര്‍ ഉണ്ടായിയിട്ടില്ലെന്നും ആമിര്‍ പറയുന്നു. പുതിയ പങ്കാളിക്ക് വേണ്ടി ഗാനങ്ങള്‍ പാടുന്നത് തനിക്ക് ഇഷ്ടപ്പെട്ട കാര്യമാണെന്നും ആമിര്‍ പറഞ്ഞു.
റീന ദത്തയായിരുന്നു ആമിറിന്റെ ആദ്യഭാര്യ. 1986-ല്‍ വിവാഹിതരായ ഇവര്‍ 2002-ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ജുനൈദ്, ഇറ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. 2001-ല്‍ ലഗാന്റെ സെറ്റില്‍ വച്ചാണ് സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കിരണ്‍ റാവുവിനെ ആമിര്‍ പരിചയപ്പെടുന്നത്. 2005-ല്‍ ഇവര്‍ വിവാഹിതരായി. ഇരുവര്‍ക്കും ആസാദ് എന്നൊരു മകനുണ്ട്. 2021-ല്‍ ആമിറും കിരണും വേര്‍പിരിഞ്ഞു.
Content highlights: Aamir Khan introduces his new girlfriend