
വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് 'ഛാവ'. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങിയത്. ചിത്രം ബോക്സ് ഓഫീസിൽ 500 കോടിയും കടന്ന് മുന്നേറുകയാണ്. സിനിമയുടെ വലിയ വിജയത്തെത്തുടർന്ന് തെലുങ്കിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണവും കളക്ഷനുമാണ് സിനിമയ്ക്ക് അവിടെ നിന്നും ലഭിക്കുന്നത്.
റിലീസ് ചെയ്തു ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം തെലുങ്ക് വേർഷനിൽ നിന്ന് മാത്രം 11.9 കോടി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം 3 കോടി നേടിയ സിനിമ തുടർന്നുള്ള ദിവസങ്ങളിൽ നല്ല കളക്ഷൻ സ്വന്തമാക്കി. കോയ് മോയ് റിപ്പോർട്ട് പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ സിനിമ നേടിയത് 502.70 കോടി രൂപയാണ്. കുതിപ്പ് തുടരുന്ന ഛാവ വൈകാതെ അനിമൽ (505 കോടി), ബാഹുബലി 2 (511 കോടി) എന്നീ സിനിമകളുടെ ഹിന്ദി ലൈഫ് ടൈം കളക്ഷനുകളെ മറികടക്കും എന്നാണ് വിലയിരുത്തലുകൾ. ഹിന്ദി സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പത്ത് ചിത്രങ്ങളുടെ ലിസ്റ്റിൽ എട്ടാം സ്ഥാനത്താണ് ഛാവ ഇപ്പോൾ. കെജിഎഫ് ചാപ്റ്റർ 2 (434.62 കോടി), ദംഗൽ ( 387.39 കോടി) എന്നീ ചിത്രങ്ങളുടെ കളക്ഷനെ മറികടന്നാണ് സിനിമയുടെ ഈ നേട്ടം. ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് അല്ലു അർജുൻ നായകനായ പുഷ്പ 2 (836.09 കോടി) ആണുള്ളത്. സ്ത്രീ 2 ( 627.50 കോടി) ജവാൻ ( 584 കോടി ), ഗദ്ദാർ 2 ( 525.50 കോടി), പത്താൻ ( 524.53 കോടി) എന്നീ സിനിമകളുടെയും കളക്ഷൻ ഭേദിച്ച് ഛാവ ഒന്നാം സ്ഥാനത്ത് എത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.
ഛാവയുടെ ഈ നേട്ടത്തോടെ തുടർച്ചയായി രണ്ട് 500 കോടി സിനിമകൾ നേടിയ ഏക നിർമാണ കമ്പനിയായി മഡോക്ക് ഫിലിംസ് മാറി. സ്ത്രീ 2 ആണ് ഇതിന് മുൻപ് 500 കോടി കടന്ന മറ്റൊരു മഡോക്ക് ചിത്രം. ബോളിവുഡിലെ പല മുൻനിര നിർമാണ കമ്പനികളെയും പിന്തള്ളിയാണ് മഡോക്ക് ഫിലിംസ് ഈ നേട്ടം കൈവരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റിലേക്കാണ് ഛാവ കടക്കുന്നത്. രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. വിക്കിയുടെ കരിയറിലെ തന്നെ നിർണായകമായ ചിത്രങ്ങളിൽ ഒന്നാണ് ഛാവ. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
Content Highlights: Chhaava collects big numbers from Telugu states