
ഒടിടി റിലീസിന് ശേഷം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് നാരായണീന്റെ മൂന്നാണ്മക്കള്‍ എന്ന ചിത്രം. സുരാജ് വെഞ്ഞാറമൂടും ജോജു ജോര്‍ജും അലന്‍സിയറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ യുവതാരങ്ങളായ തോമസ്, ഗാര്‍ഗി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
ചിത്രത്തില്‍ തോമസ് നിഖിലിനെയും ഗാര്‍ഗി ആതിര എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്. ഇരുവരുടെയും പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഓഡിഷന്‍ വഴിയാണ് തോമസും ഗാര്‍ഗിയും ചിത്രത്തിലേക്ക് എത്തിയതെന്ന് പറയുകയാണ് സംവിധായകന്‍ ശരണ്‍ വേണുഗോപാല്‍.
തിയേറ്റര്‍ റിലീസിന് പിന്നാലെ റിപ്പോര്‍ട്ടര്‍ലൈവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരെയും കുറിച്ച് ശരണ്‍ സംസാരിച്ചത്.
'ഞാന്‍ ഡിപ്ലോമ സമയത്ത് ചെയ്ത 'ഒരു പാതിരാസ്വപനം പോലെ' എന്ന ചിത്രത്തില്‍ ഗാര്‍ഗി അഭിനയിച്ചിരുന്നു. ഗാര്‍ഗി നല്ല നടിയാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ ആതിരയാകാന്‍ ഗാര്‍ഗിയെ തിരഞ്ഞെടുത്തത് ഓഡിഷന്‍ വഴിയാണ്. ഒരുപാട് സമയമെടുത്ത്, കുറെ ഓഡിഷന്‍ നടത്തിയാണ് നിഖിലിനുള്ള ആക്ടറെ കണ്ടെത്തിയത്. 'ഒരു പാതിരാസ്വപനം പോലെ' വന്ന സമയത്ത് തോമസ് അതുകണ്ട് എനിക്ക് മെസേജ് അയച്ചിരുന്നു. സ്‌ക്രീനിങ്ങിനും വന്നിരുന്നു.
പക്ഷെ ചിത്രത്തില്‍ കാണുന്ന പോലെയല്ലായിരുന്നു അന്ന് തോമസ്. മുടിയും താടിയും വളര്‍ത്തിയ രൂപത്തിലായിരുന്നു. അതുകൊണ്ട് തന്നെ നിഖിലാകാന്‍ തോമസിന് പറ്റുമോ എന്ന് അന്ന് എനിക്ക് വലിയ ഉറപ്പുണ്ടായിരുന്നില്ല. തോമസ് ഓഡിഷന് വന്നപ്പോള്‍ മേക്കോവര്‍ വേണമെന്ന് പറഞ്ഞു. എന്റെ ഡയറക്ഷന്‍ ടീമിലുള്ളവര്‍ക്കൊപ്പം പോയി, രണ്ട് മണിക്കൂറിനുള്ളില്‍ മുടിയും താടിയുമെല്ലാം വെട്ടിയൊതുക്കി തോമസ് വന്നു. അത് നിഖിലിനെ പോലെയായിരുന്നു. തോമസിന്റെയും ഗാര്‍ഗിയുടെയും ഓഡിഷന്‍ പിന്നീട് ഒന്നിച്ച് നടത്തി,' ശരണ്‍ വേണുഗോപാല്‍ പറഞ്ഞു.
കിഷ്‌കിന്ധാ കാണ്ഡം എന്ന സൂപ്പര്‍ഹിറ്റ് സിനിമക്ക് ശേഷം ഗുഡ്‌വില്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സ് നിര്‍മിച്ച സിനിമയാണ് 'നാരായണീന്റെ മൂന്നാണ്മക്കള്‍'. ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അപ്പു പ്രഭാകര്‍ ഛായാഗ്രഹണവും രാഹുല്‍ രാജ്, സംഗീതസംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ജ്യോതിസ്വരൂപ് പാന്തായാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
Content Highlights: Director Sharan Venugopal about Narayaneente Moonnanmakkal casting