ഡിസി ഫാൻസിന് ഒരു സന്തോഷ വാർത്ത!; ഇന്റെർസ്റ്റെല്ലാറിന് പിന്നാലെ റീ റിലീസിന് ഒരുങ്ങി മറ്റൊരു നോളൻ ചിത്രം

പ്രേക്ഷകർക്കിടയിൽ കൾട്ട് ഫോളോയിങ് ഉള്ള സിനിമയായതിനാൽ റീ റിലീസിലും ചിത്രം തരംഗമുണ്ടാക്കുമെന്ന് തന്നെയാണ് പ്രതീക്ഷ

dot image

ലോകത്താകമാനമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ഹോളിവുഡ് ചിത്രമായിരുന്നു 'ബാറ്റ്മാൻ ദി ഡാർക്ക് നൈറ്റ്'. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഈ സൂപ്പർഹീറോ ചിത്രം എക്കാലത്തെയും മികച്ച ഹോളിവുഡ് സിനിമകളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഡി സി കോമിക്സിന്റെ കീഴിൽ ബാറ്റ്മാന്റെ കഥ പറഞ്ഞ ചിത്രം നോളൻ തന്നെ ഒരുക്കിയ 'ബാറ്റ്മാൻ ബിഗിൻസ്' എന്ന സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ റിലീസ് ചെയ്തു വർഷങ്ങൾക്കിപ്പുറം ചിത്രം ഐമാക്‌സിൽ റീ റിലീസിനെത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ചിത്രം മെയ് 23 ന് റീ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഐമാക്സ് സ്‌ക്രീനുകളിൽ ആകും ചിത്രമെത്തുക. പ്രേക്ഷകർക്കിടയിൽ ഒരു കൾട്ട് ഫോളോയിങ് ഉള്ള സിനിമയായതിനാൽ റീ റിലീസിലും ചിത്രം തരംഗമുണ്ടാക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ചിത്രത്തിലെ ഏറെ ആഘോഷിക്കപ്പെട്ട കഥാപാത്രമായിരുന്നു ജോക്കർ. ഈ കഥാപാത്രത്തെ അനശ്വരമാക്കിയ ഹീത്ത് ലെഡ്ജർ എന്ന നടനും ആഘോഷിക്കപ്പെട്ടിരുന്നു. ക്രിസ്റ്റ്യൻ ബെയിൽ ആയിരുന്നു സിനിമയിൽ ബാറ്റ്മാൻ ആയി എത്തിയത്. മൈക്കൽ കെയ്ൻ, ഗാരി ഓൾഡ്മാൻ, ആരോൺ എക്ഹാർട്ട്, മാഗി ഗില്ലെൻഹാൽ എന്നിവരായിരുന്നു സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

നേരത്തെ നോളൻ സിനിമയായ ഇന്റെർസ്റ്റെല്ലാർ റീ റിലീസിന് എത്തിയിരുന്നു. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ഇന്ത്യയിൽ നിന്നും ലഭിച്ചത്. കേരളത്തിലും പുത്തൻ റിലീസുകൾ മറികടന്ന് വലിയ കളക്ഷനാണ് സിനിമ നേടിയത്. ആറ് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് സിനിമ നേടിയത് 2.50 കോടിയാണ്. അതേസമയം, സിനിമയുടെ ഇന്ത്യയിൽ നിന്നുള്ള സിനിമയുടെ മൊത്തം കളക്ഷൻ 15.50 കോടി രൂപയാണ്. മാത്യു മക്കോനാഗെ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

Content highlights: The Dark Knight to re release on May 23rd

dot image
To advertise here,contact us
dot image