'ഞാൻ നിന്നെ വളർത്തിയത് തോറ്റു മടങ്ങുന്നൊരാളായിട്ടല്ല', സിനിമ വിടാൻ ഒരുങ്ങിയ അഭിഷേകിന് ബച്ചന്റെ ഉപദേശം

'കാലക്രമേണ നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിക്കും. നിങ്ങളുടെ അനുഭവങ്ങൾ നിങ്ങളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കും'

dot image

ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളാണ് അഭിഷേക് ബച്ചൻ. തന്റെ കരിയറിന്റെ തുടക്കകാലത്ത് സിനിമ തനിക് ചേരില്ലെന്നും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നെന്നും അഭിഷേക് ബച്ചൻ പറഞ്ഞു. ഈ തീരുമാനം അമിതാഭ് ബച്ചനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് തനിക്ക് സിനിമയില്‍ തന്നെ തുടരാനുള്ള കരുത്തേകിയതെന്നും അഭിഷേക് ബച്ചൻ പറയുന്നു. നടന്റെ ഏറ്റവും പുതിയ ചിത്രമായ 'ബി ഹാപ്പി'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നയൻദീപ് രക്ഷിത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'എന്റെ കരിയറിന്റെ തുടക്കത്തിൽ ഞാൻ വലിയ പ്രതിസന്ധികളിലൂടെ കടന്നു പോയ കാലഘട്ടങ്ങളുണ്ടായിട്ടുണ്ട്. എത്രത്തോളം ശ്രമിച്ചിട്ടും ഞാൻ നേടാൻ ആ​ഗ്രഹിച്ചത് എനിക്ക് നേടാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ എനിക്ക് വേണ്ടി സെറ്റ് ചെയ്ത നിലവാരത്തിലേക്ക് എനിക്ക് എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. ഒരു ദിവസം രാത്രിയിൽ ഞാൻ എന്റെ അച്ഛനോട് ചെന്ന് പറഞ്ഞു, എനിക്ക് തോന്നുന്നു ഞാൻ ചെയ്തത് അബദ്ധമാണെന്ന്. ഞാൻ എന്ത് ചെയ്തിട്ടും അത് ശരിയാകുന്നില്ല, ഇത് എനിക്കുള്ളതല്ലെന്ന് ഈ പ്രപഞ്ചം എന്നോട് പറയുന്ന പോലെയാണ് എനിക്ക് തോന്നുന്നതെന്ന്.

പക്ഷേ അദ്ദേഹത്തിന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. ഒരു അച്ഛൻ എന്ന നിലയിൽ അല്ല ഒരു നടൻ എന്ന നിലയിലാണ് നിന്നോട് ഞാൻ ഇത് പറയുന്നത്. നിനക്ക് ഒരുപാട് ദൂരം പോകാനുണ്ട്. നീ ഫിനിഷിങ് പോയിന്റിൽ എത്തിയിട്ടില്ല. നീ എല്ലാ സിനിമകളിലും സ്വയം മെച്ചപ്പെടുത്തുകയാണ്. അതുകൊണ്ട് ജോലി ചെയ്തു കൊണ്ടേയിരിക്കുക. നീ അവിടെ എത്തിപ്പെടും.

ഞാൻ മുറിയിൽ നിന്ന് പുറത്തേക്ക് പോകാനിറങ്ങിയപ്പോൾ അദ്ദേഹം വീണ്ടും എന്നോട് പറഞ്ഞു, ഞാൻ നിന്നെ വളർത്തിയത് തോറ്റു മടങ്ങുന്നൊരാളായിട്ടല്ല, അതുകൊണ്ട് പോരാടിക്കൊണ്ടേയിരിക്കുക. കാലക്രമേണ നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിക്കും. നിങ്ങളുടെ അനുഭവങ്ങൾ നിങ്ങളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കും. നോക്കുകയാണെങ്കിൽ നമ്മൾ എല്ലാവരും തന്നെ തോൽവിയുമായുള്ള ഒരു പോരാട്ടത്തിലാണ്. നിങ്ങൾ പരാജയപ്പെടും, പരാജയം വിജയത്തിലേക്കുള്ള ഒരു അവിഭാജ്യ ചവിട്ടുപടിയാണ്. പരാജയമില്ലാതെ, ഒരിക്കലും വിജയം ഉണ്ടാകില്ല. ഞാൻ അതിനെ അങ്ങനെയാണ് കണ്ടത്. ജീവിതം പോലെയാണ് അത്,' അഭിഷേക് ബച്ചൻ പറയുന്നു.

Content highlights:  Amitabh Bachchan's advice to Abhishek, who is about to leave films

dot image
To advertise here,contact us
dot image