ബഡ്ജറ്റ് 20 കോടി, തിയേറ്ററിൽ നിന്നും നേടിയത് വെറും 5 കോടി; ബോക്സ് ഓഫീസിൽ കൂപ്പുകുത്തി ജിവി പ്രകാശ് ചിത്രം

ആദ്യ ദിനം 1.10 കോടി നേടിയ സിനിമയ്ക്ക് തുടർന്നുള്ള ദിവസങ്ങളിൽ കളക്ഷനിൽ നേരിയ വർധനവ് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിന് അത് തുടർന്ന് കൊണ്ടുപോകാനായില്ല

dot image

ജിവി പ്രകാശ് കുമാറിനെ നായകനാക്കി കമൽ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് 'കിംഗ്സ്റ്റൺ'. ഫാന്റസി ഹൊറർ ഴോണറിൽ വമ്പൻ ബഡ്ജറ്റിലാണ് സിനിമയൊരുങ്ങിയത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ കൂപ്പുകുത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. 20 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമ വെറും 5.35 മാത്രമാണ് നേടിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആദ്യ ദിനം 1.10 കോടി നേടിയ സിനിമയ്ക്ക് തുടർന്നുള്ള ദിവസങ്ങളിൽ കളക്ഷനിൽ നേരിയ വർധനവ് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിന് അത് തുടർന്ന് കൊണ്ടുപോകാനായില്ല. ഏഴാം ദിവസം വെറും 20 ലക്ഷം മാത്രമാണ് സിനിമ നേടിയത്. ജി വി പ്രകാശ് കുമാറിനൊപ്പം ചിത്രത്തില്‍ ദിവ്യഭാരതി, ചേതൻ, നിതിൻ സത്യ, അഴകം പെരുമാള്‍, ഇളങ്കോ കുമാരവേല്‍, സാബുമോൻ അബ്‍ദുസമദ്, ഷാ റാ, ആന്റണി, അരുണാചലേശ്വരൻ, രാജേഷ് ബാലചന്ദ്രൻ, റാം നിഷാന്ത് തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്. ഗോകുല്‍ ബിനോയ്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചത്. ജിവിപിയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് കിംഗ്സ്റ്റൺ.

പ്രദീപ് രംഗനാഥൻ സിനിമയായ ഡ്രാഗണിൽ നിന്നും കടുത്ത കോമ്പറ്റിഷനും കിംഗ്സ്റ്റൺ നേരിട്ടു. തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമയെന്ന നേട്ടമാണ് ഇപ്പോൾ ഡ്രാഗൺ സ്വന്തമാക്കിയിരിക്കുന്നത്. അജിത് സിനിമയായ വിടാമുയർച്ചിയെ മറികടന്നാണ് ഡ്രാഗൺ ഈ നേട്ടത്തിലേക്ക് എത്തിയത്. 108.54 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ. അതേസമയം, ഓവർസീസിൽ നിന്ന് ചിത്രം 32 കോടി നേടി. സിനിമയുടെ ആഗോള കളക്ഷൻ ഇപ്പോൾ 140 കോടിയാണ്. ചിത്രം ഉടൻ 150 കോടിയിലേക്ക് എത്തുമെന്നാണ് കണക്കുക്കൂട്ടൽ. എന്നാൽ വിടാമുയർച്ചിയ്ക്ക് 136.41 കോടി മാത്രമാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടാനായത്.

Content highlights: GV Prakash Kumar film Kingston fails at boxoffice

dot image
To advertise here,contact us
dot image